രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കുന്ന പ്രൊപ്പെയ്ൻ വാതകത്തിന് വിപണിയിൽ ലഭ്യതക്കുറവ് നേരിടുന്നതായി റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അസ്ഥിരത കാരണം എൽഎൻജി ഇറക്കുമതിയിലുണ്ടായ തടസ്സമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ മരുന്ന് നിർമ്മാണ ഹബ്ബുകളിലെ ബോയിലർ പ്രവർത്തനങ്ങളെ ഇത് ഭാഗികമായി ബാധിച്ചിട്ടുണ്ട്.

പാരസെറ്റമോൾ, വിറ്റാമിനുകൾ, വിവിധതരം ഹോർമോണുകൾ എന്നിവയുടെ ഉത്പാദനത്തെ ഈ സാഹചര്യം സ്വാധീനിച്ചേക്കാം. നിലവിൽ കമ്പനികളുടെ കൈവശമുള്ള സ്റ്റോക്ക് ഉപയോഗിച്ച് ഉത്പാദനം തുടരുന്നുണ്ടെങ്കിലും, വരും ആഴ്ചകളിൽ ഇന്ധന ലഭ്യത സാധാരണ നിലയിലായില്ലെങ്കിൽ നിർമ്മാണ തോത് കുറഞ്ഞേക്കുമെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നു.
ആഗോളതലത്തിൽ മരുന്ന് നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ (API) പ്രധാന വിതരണക്കാരാണ് ഇന്ത്യ. അതിനാൽ തന്നെ ഉത്പാദന ചെലവ് വർദ്ധിക്കുന്നത് കയറ്റുമതിയെയും ബാധിച്ചേക്കാം. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മരുന്ന് നിർമ്മാണ മേഖലയെ ‘അത്യാവശ്യ സേവന’ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ധന വിതരണത്തിൽ മുൻഗണന നൽകണമെന്ന് നിർമ്മാതാക്കൾ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ പോലെ പ്രത്യേക ഇളവുകൾ അനുവദിക്കുന്നത് വഴി മരുന്ന് വിപണിയിലെ തടസ്സങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.
fuel supply disruptions caused by west asia tensions may impact india’s drug manufacturing. pharma companies seek government intervention to prioritize fuel for essential medicine production.
