അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർണ്ണമായി നിർമ്മിച്ച യുദ്ധക്കപ്പലുകൾ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ. ഇന്ത്യൻ നാവികസേനയുടെ ആവശ്യങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ളവയാണ് കയറ്റുമതി ചെയ്യുകയെന്നും നിലവിൽ നാവികസേനാ കപ്പലുകളുടെ എണ്ണം 200 ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആധുനികവൽക്കരണത്തിനാണ് മുൻഗണനയെന്നും വൈസ് അഡ്മിറൽ ബി. ശിവകുമാർ വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ചൈനയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യവും കണക്കിലെടുത്ത് സ്വന്തം കപ്പൽപ്പട ശക്തിപ്പെടുത്തിയ ശേഷമായിരിക്കും കയറ്റുമതിയിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുക.

മസാഗോൺ ഡോക്ക്, കൊച്ചിൻ ഷിപ്പ് യാർഡ് തുടങ്ങിയ രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണശാലകൾ ഇതിനോടകം തന്നെ അത്യാധുനിക യുദ്ധക്കപ്പലുകളും വിമാനവാഹിനിക്കപ്പലുകളും നിർമ്മിക്കാനുള്ള ശേഷി തെളിയിച്ചിട്ടുണ്ട്. ചെറുകിട പട്രോളിംഗ് കപ്പലുകൾ നിലവിൽ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നുണ്ടെങ്കിലും, വരും വർഷങ്ങളിൽ ഫ്രിഗേറ്റുകൾ, കോർവെറ്റുകൾ തുടങ്ങിയ വലിയ യുദ്ധക്കപ്പലുകൾ കൂടി ആഗോള വിപണിയിൽ എത്തിക്കാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിലൂടെ ലോകത്തെ പ്രധാന യുദ്ധക്കപ്പൽ കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറാനാണ് ഇന്ത്യയുടെ പദ്ധതി.
India prepares to export fully built warships within the next five years. Learn how Mazagon Dock and Cochin Shipyard are scaling up to meet Indian Navy needs and global demand
