ഇന്ത്യൻ റെയിൽവേയുടെ സൂപ്പർ ആപ്പ് ആയ ‘റെയിൽ വൺ’ (RailOne), കേന്ദ്ര സർക്കാരിന്റെ സഹകരണ ടാക്സി സർവീസായ ‘ഭാരത് ടാക്സി’യുമായി കൈകോർക്കുന്നു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് സ്റ്റേഷന് പുറത്തെ തിരക്കിൽപ്പെടാതെ സുരക്ഷിതമായും കുറഞ്ഞ ചിലവിലും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഈ സഹകരണം വഴി സാധിക്കും. റെയിൽടെലുമായി സഹകരിച്ച് വികസിപ്പിക്കുന്ന പദ്ധതിയിലൂടെ യാത്രക്കാർക്ക് റെയിൽ വൺ ആപ്പ് വഴി തന്നെ ട്രെയിൻ ടിക്കറ്റിനൊപ്പം ടാക്സിയും ബുക്ക് ചെയ്യാം. ഫെബ്രുവരി 5ന് കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത ഭാരത് ടാക്സി, ഡ്രൈവർമാർക്ക് കൂടുതൽ ലാഭം ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സഹകരണാടിസ്ഥാനത്തിലുള്ള ടാക്സി ശൃംഖലയാണ്.

റെയിൽവേയുടെ വിവിധ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന റെയിൽ വൺ ആപ്പിന് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മാർച്ച് 15ലെ കണക്കനുസരിച്ച് 2.57 കോടി പേർ ആപ്പ് ഡൗൺലോഡ് ചെയ്തതായും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യുന്നതായും റെയിൽവേ മന്ത്രാലയം അറിയിച്ചു. റിസേർവ്ഡ്, അൺറിസേർവ്ഡ് ടിക്കറ്റുകൾക്ക് പുറമെ പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ട്രെയിൻ സ്റ്റാറ്റസ് പരിശോധന, ഐആർസിടിസി വഴി ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി പരിഹാരത്തിനുള്ള റെയിൽ മദദ് (Rail Madad) തുടങ്ങിയ സേവനങ്ങളെല്ലാം ഈ സൂപ്പർ ആപ്പിൽ ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് റെയിൽവേയുടെ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
Indian Railways integrates the RailOne super app with Bharat Taxi to offer seamless cab bookings. Passengers can now book taxis alongside train tickets, starting at New Delhi station
