വിജയ് മല്യയിൽ നിന്ന് 450 കോടി രൂപയ്ക്ക് തുടങ്ങിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB) ഇപ്പോൾ 16,660 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്. ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഫ്രാഞ്ചൈസിയെ ഏറ്റെടുത്തതിന് പിന്നാലെ പുതിയ ഉടമകൾക്ക് ആശംസകളുമായി വിജയ് മല്യ രംഗത്തെത്തി.

2008ൽ താൻ ടീമിനെ വാങ്ങിയപ്പോൾ പലരും പരിഹസിച്ചിരുന്നതായും എന്നാൽ ഇന്ന് അതിന്റെ മൂല്യം 36 മടങ്ങിലധികം വർദ്ധിച്ചതായും മല്യ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തന്റെ ബിവറേജ് ബ്രാൻഡായ ‘റോയൽ ചലഞ്ച്’ പ്രചരിപ്പിക്കുന്നതിനായിട്ടാണ് ടീമിന് ഈ പേര് നൽകിയതെന്നും യുവതാരമായിരുന്ന വിരാട് കോഹ്‌ലിയെ ടീമിലെത്തിച്ചത് തന്റെ മികച്ച തീരുമാനമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, 9000 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മല്യ ഇപ്പോഴും ലണ്ടനിൽ ഒളിവിലാണ്. 2016ൽ സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് മല്യയ്ക്ക് ആർസിബിയുടെ നിയന്ത്രണം നഷ്ടമായിരുന്നു. തുടർന്ന് ഡിയാജിയോയുടെ കീഴിലായിരുന്ന ടീമിനെയാണ് ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ബിർള ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യയും അടങ്ങുന്ന സഖ്യം സ്വന്തമാക്കിയത്. ഐപിഎൽ, ഡബ്ല്യുപിഎൽ (WPL) ടീമുകൾ ഇനി പുതിയ ഉടമസ്ഥതയിലാകും പ്രവർത്തിക്കുക. മല്യയുടെ പോസ്റ്റിന് താഴെ, ലഭിച്ച ലാഭവിഹിതം ഉപയോഗിച്ച് ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കണമെന്ന പരിഹാസരൂപേണയുള്ള കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
Vijay Mallya congratulates new owners of RCB after record-breaking ₹16,660 Cr deal. He reflects on buying the team for ₹450 Cr and signing a young Virat Kohli.