ലോകത്ത് ഏതു മികച്ച റാങ്കിങ് പട്ടിക തയാറാക്കിയാലും അതിൽ ആദ്യ പത്തിൽ കാണുന്ന ഫിൻലൻഡ് അതുകൊണ്ടു തന്നെ സഞ്ചാരികളുടെ പ്രിയഭൂമിയാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലൻഡിലേക്ക് ഒരാഴ്ചത്തെ സൗജന്യ സമ്മർ ട്രിപ്പ് സ്വന്തമാക്കാൻ ‘വിസിറ്റ് ഫിൻലൻഡ്’ അവസരമൊരുക്കുകയാണ്. ‘ചിൽ ലൈക് എ ഫിൻ’ (Chill Like a Finn) എന്ന ചലഞ്ചിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഈ ജൂണിൽ ഫിൻലൻഡിലെ വിഖ്യാതമായ ലേക്ക്ലാൻഡ് (Lakeland) പ്രദേശം സന്ദർശിക്കാം.

യാത്ര, താമസം, ഭക്ഷണം തുടങ്ങി എല്ലാ ചെലവുകളും വിസിറ്റ് ഫിൻലൻഡ് നേരിട്ട് വഹിക്കും. ഫിൻലൻഡിലെ പ്രകൃതിഭംഗി ആസ്വദിക്കാനും ശാന്തമായ ജീവിതശൈലി നേരിട്ട് അനുഭവിച്ചറിയാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. വെറുമൊരു വിനോദസഞ്ചാരത്തിന് അപ്പുറം, ഫിൻലൻഡ് നിവാസികളുടെ സന്തോഷത്തിന്റെ രഹസ്യം കണ്ടെത്താനുള്ള യാത്രയാണിതെന്ന് സംഘാടകർ പറയുന്നു.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഒപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പങ്കാളിക്കോ സുഹൃത്തിനോ ഒപ്പമുള്ള ചെറിയ വീഡിയോ തയ്യാറാക്കി ഇൻസ്റ്റാഗ്രാമിലോ ടിക് ടോക്കിലോ പങ്കുവെക്കുക. ലേക്ക്ലാൻഡിലെ ഡ്രീം ഫിന്നിഷ് സമ്മർ എങ്ങനെയുണ്ടാകും എന്നതിനെ ആസ്പദമാക്കിയാകണം വീഡിയോ. തുടർന്ന് ChillLikeaFinn.com എന്ന വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് ലിങ്ക് സമർപ്പിക്കണം. 2026 മാർച്ച് 29 (ഇന്ത്യൻ സമയം മാർച്ച് 30 പുലർച്ചെ 3:29) ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്ന ആറ് ജോഡികൾക്കാകും സൗജന്യ സമ്മർ ട്രിപ്പിനുള്ള അവസരം ലഭിക്കുക.
Want to visit the world’s happiest country for free? Visit Finland is offering a 7-day all-expenses-paid summer trip to Lakeland. Learn how to apply for the ‘Chill Like a Finn’ challenge before the March 29 deadline!
