ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (SCI) പൊതുമേഖലാ എണ്ണക്കമ്പനികളും സംയുക്തമായി നടപ്പിലാക്കുന്ന ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം 8,400 കോടി രൂപ) വമ്പൻ കപ്പൽ നിർമ്മാണ പദ്ധതിക്കായി കൊച്ചിൻ ഷിപ്പ്യാർഡ് താൽപ്പര്യപത്രം സമർപ്പിച്ചു. എട്ട് ‘വെരി ലാർജ് ഗ്യാസ് കാരിയറുകൾ’ (VLGC) നിർമ്മിക്കാനുള്ള ഈ പദ്ധതിക്കായി കൊച്ചിൻ ഷിപ്പ്യാർഡിന് പുറമെ എൽ ആൻഡ് ടി ഷിപ്പ് ബിൽഡിംഗ്, സ്വാൻ ഡിഫൻസ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് (SDHI) എന്നിവയും രംഗത്തുണ്ട്.

പദ്ധതി പ്രകാരം നിർമ്മിക്കുന്ന എട്ട് കപ്പലുകളിൽ ആറെണ്ണം ഇന്ത്യയിലെ ഷിപ്പ്യാർഡുകളിലായിരിക്കും നിർമ്മിക്കുക. ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയും വലിയ ഗ്യാസ് കാരിയർ കപ്പലുകളുടെ നിർമ്മാണം ആസൂത്രണം ചെയ്യുന്നത്. നിലവിൽ താൽപ്പര്യപത്രം (EoI) സമർപ്പിച്ച കമ്പനികളുടെ സാങ്കേതികവും സാമ്പത്തികവുമായ ശേഷികൾ പരിശോധിച്ച ശേഷമായിരിക്കും കരാർ ആർക്ക് നൽകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് വേണ്ടിയാണ് 88,000 ക്യൂബിക് മീറ്റർ ശേഷിയുള്ള ഈ എൽപിജി വാഹക കപ്പലുകൾ നിർമ്മിക്കുന്നത്.
Cochin Shipyard, L&T, and SDHI have submitted bids for a $1 billion project to build eight Very Large Gas Carriers (VLGCs) for SCI and state oil firms. This landmark deal marks India’s entry into high-tech gas carrier construction
