ഇന്ത്യയും ചൈനയും കഴിഞ്ഞ പതിറ്റാണ്ടുകളിൽ കൈവരിച്ച സാമ്പത്തിക വികാസം സ്വന്തം ജനതയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും, മറ്റ് രാജ്യങ്ങളുടെ ഔദാര്യമല്ലെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫീഹോങ്. അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അടുത്തിടെ നടത്തിയ പരാമർശങ്ങൾക്കുള്ള പരോക്ഷ മറുപടിയായാണ് ഷു ഫീഹോങ്ങിന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇന്ത്യയും ചൈനയും കൈവരിച്ച നേട്ടങ്ങൾ നമ്മുടെ ജനങ്ങളുടെ അധ്വാനത്തിന്റെയും ബുദ്ധിയുടെയും ഫലമാണ്. ഇത് ഒരിക്കലും മറ്റാരുടെയും ഔദാര്യമല്ലെന്ന് പതിനാലാമത് ചൈന-ഇന്ത്യ യുവജന സംവാദത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളുടേയും ബന്ധത്തെ ‘ഡ്രാഗൺ-എലിഫന്റ് ടാംഗോ’ എന്നാണ് ചൈനീസ് സ്ഥാനപതി വിശേഷിപ്പിച്ചത്. ചൈനയും (ഡ്രാഗൺ) ഇന്ത്യയും (ആന) തമ്മിലുള്ള യോജിപ്പുള്ളതും സഹകരണപരവുമായ ബന്ധത്തെ വിവരിക്കുന്നതിനായി പ്രസിഡന്റ് ഷി ജിൻപിംഗ് ജനപ്രിയമാക്കിയ നയതന്ത്ര രൂപകമാണ് ഡ്രാഗൺ-എലിഫന്റ് ടാംഗോ. സംഘർഷത്തിനുപകരം പരസ്പര നേട്ടത്തിനായി ഇരുരാജ്യങ്ങളുടേയും സാമ്പത്തിക, തന്ത്രപരമായ പങ്കാളിത്തം ഉപയോഗപ്പെടുത്തിക്കൊണ്ട്, രണ്ട് ഏഷ്യൻ ഭീമന്മാർ സമന്വയത്തോടെ നീങ്ങുന്നതിനെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്.
ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് അമേരിക്ക നൽകിയ പിന്തുണ ‘തെറ്റായിരുന്നു’ എന്നും ഇന്ത്യയുടെ കാര്യത്തിൽ അത് ആവർത്തിക്കില്ലെന്നും യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ പറഞ്ഞിരുന്നു. ഇതിനെയാണ് ചൈനീസ് സ്ഥാനപതി പരോക്ഷമായി വിമർശിച്ചത്. ഇന്ത്യയും ചൈനയും സൗഹൃദത്തിൽ കഴിയുന്നത് കാണാൻ ചില രാജ്യങ്ങൾക്ക് താൽപ്പര്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം ബന്ധം പുതിയ തലത്തിലേക്ക് ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Chinese Ambassador Xu Feihong describes India-China ties as a ‘Dragon-Elephant Tango,’ asserting that both nations grew through hard work, not US generosity. Discover the strategic rebuttal to recent American diplomatic claims