ഇന്ത്യയിൽ സ്വന്തമായി സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുക എന്നത് തന്റെ 20 വർഷത്തെ സ്വപ്നമായിരുന്നുവെന്ന് വ്യവസായിയും ആർസെലർ മിത്തൽ (ArcelorMittal) ചെയർമാനുമായ ലക്ഷ്മി മിത്തൽ. ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലുള്ള രാജയ്യപ്പേട്ടയിൽ 70,000 കോടി രൂപയുടെ പുതിയ സ്റ്റീൽ പ്ലാന്റിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2029ഓടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകും.

“ഇത് എന്റെ രാജ്യമാണ്, ഞാൻ സ്നേഹിക്കുന്ന രാജ്യം. ഈ രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളിയാകാൻ ഞാൻ എന്നും ആഗ്രഹിച്ചിരുന്നു,” ലക്ഷ്മി മിത്തൽ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയിൽ ലോകോത്തര നിലവാരത്തിലുള്ള ഗ്രീൻഫീൽഡ് സ്റ്റീൽ പ്ലാന്റ് നിർമ്മിക്കുക എന്നത് തന്റെ കാഴ്ചപ്പാടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘ആത്മനിർഭർ ഭാരത്’, ‘വികസിത് ഭാരത്’ ലക്ഷ്യങ്ങൾ ഇന്ത്യയുടെ സ്റ്റീൽ മേഖലയ്ക്ക് വലിയ കരുത്ത് പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്ധ്രയിലെ തീരദേശ മേഖലയിലുള്ള ഈ പ്ലാന്റ് കുറഞ്ഞ ചെലവിൽ മികച്ച ഉത്പാദനം ഉറപ്പാക്കാൻ സഹായിക്കുമെന്ന് ആർസെലർ മിത്തൽ സിഇഒ ആദിത്യ മിത്തൽ പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ അത്യാധുനിക സ്റ്റീൽ ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കും. ആർസെലർ മിത്തലും നിപ്പോൺ സ്റ്റീലും സംയുക്തമായാണ് ഈ വൻകിട പദ്ധതി നടപ്പിലാക്കുന്നത്.
രാജസ്ഥാനിലെ മാർവാഡി കുടുംബത്തിൽ ജനിച്ച ലക്ഷ്മി മിത്തൽ, കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. 26ആം വയസ്സിൽ ഇന്തോനേഷ്യയിൽ ആദ്യത്തെ സ്റ്റീൽ ഫാക്ടറി സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം ആഗോള തലത്തിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുടങ്ങിയത്. പിന്നീട് ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അയർലൻഡ്, പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലെ നഷ്ടത്തിലായിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റീൽ പ്ലാന്റുകൾ ഏറ്റെടുത്ത് ലാഭകരമാക്കി മാറ്റിയ മിത്തലിന്റെ തന്ത്രങ്ങൾ ലോകശ്രദ്ധ നേടി. 2006ൽ ആർസെലർ (Arcelor) കമ്പനിയെ ഏറ്റെടുത്തതോടെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ ഉത്പാദകനായി അദ്ദേഹം മാറിയത്.
ഫോർബ്സിന്റെ ലോകസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ലക്ഷ്മി മിത്തൽ. 2005ൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ വ്യക്തിയായി അദ്ദേഹം മാറി. സ്റ്റീൽ വ്യവസായത്തിന് പുറമെ ഗോൾഡ്മാൻ സാക്സ് (Goldman Sachs) ഡയറക്ടർ ബോർഡ് അംഗമായും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഇന്റർനാഷണൽ ബിസിനസ് കൗൺസിൽ അംഗമായും അദ്ദേഹം പ്രവർത്തിക്കുന്നു. 2025-ലെ കണക്കനുസരിച്ച് ഏകദേശം 15.4 ബില്യൺ പൗണ്ട് ആസ്തിയുള്ള മിത്തൽ, നിലവിൽ സ്വിറ്റ്സർലൻഡിലും യുഎഇയിലുമായാണ് താമസിക്കുന്നത്.
ArcelorMittal Chairman Lakshmi Mittal lays the foundation for a ₹70,000 crore steel plant in Anakapalli, Andhra Pradesh. Discover the details of this mega project set to complete its first phase by 2029.
