മഹാരാഷ്ട്രയിലെ ജവഹർലാൽ നെഹ്റു പോർട്ട് ടെർമിനൽ (JNPT) മുതൽ ഉത്തർപ്രദേശിലെ ദാദ്രി വരെയുള്ള 1506 കിലോമീറ്റർ ദൈർഘ്യമുള്ള വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ (WDFC) നിർമ്മാണം റെയിൽവേ മന്ത്രാലയം വിജയകരമായി പൂർത്തിയാക്കി. പദ്ധതിയുടെ അവസാന ഘട്ടമായ JNPT – ന്യൂ സഫാലെ വിഭാഗത്തിൽ നടന്ന ട്രയൽ റൺ വിജയകരമായതോടെയാണ് ഈ നേട്ടം കൈവരിച്ചത്. 102 കിലോമീറ്റർ വരുന്ന ഈ നിർണ്ണായക പാത കൂടി പ്രവർത്തനസജ്ജമായതോടെ, രാജ്യത്തെ പ്രമുഖ തുറമുഖങ്ങളെയും വ്യാവസായിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ ചരക്കുനീക്കത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.

രണ്ട് വരികളിലായി വൈദ്യുതീകരിച്ച ഈ പാതയിലൂടെ ഭാരമേറിയ കണ്ടെയ്നർ ട്രെയിനുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ സാധിക്കുമെന്ന് ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (DFCCIL) അറിയിച്ചു. പഞ്ചാബ് മുതൽ ബീഹാർ വരെയുള്ള ഈസ്റ്റേൺ കോറിഡോർ (EDFC) നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഇതിനുപുറമെ, പശ്ചിമ ബംഗാളിലെ ഡാങ്കുനിയെയും ഗുജറാത്തിലെ സൂറത്തിനെയും ബന്ധിപ്പിക്കുന്ന പുതിയ ഫ്രൈറ്റ് കോറിഡോർ 2026-27 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക ചരക്ക് പാതകൾ നിലവിൽ വന്നതോടെ സാധാരണ റെയിൽവേ ലൈനുകളിലെ തിരക്ക് കുറയുകയും കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാനുള്ള സൗകര്യം വർദ്ധിക്കുകയും ചെയ്യും.
