റഷ്യയിൽ നിന്നുള്ള അഞ്ച് എസ്-400 (S-400) വ്യോമപ്രതിരോധ സംവിധാനങ്ങളും അത്യാധുനിക ഡ്രോണുകളും ഉൾപ്പെടെ 25 ബില്യൺ ഡോളറിന്റെ (ഏകദേശം 2.1 ലക്ഷം കോടി രൂപ) വൻ സൈനിക നവീകരണ പാക്കേജിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് നിർണ്ണായക തീരുമാനം. ചൈന, പാകിസ്ഥാൻ, മ്യാൻമർ അതിർത്തികളിൽ വ്യോമശക്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വമ്പൻ നിക്ഷേപം.

റഷ്യയുമായുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 2018ൽ ഓർഡർ ചെയ്ത അഞ്ച് എസ്-400 സംവിധാനങ്ങൾക്ക് പുറമെ അഞ്ചെണ്ണം കൂടി പുതുതായി വാങ്ങും. കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാക് സംഘർഷത്തിനിടെ മിസൈലുകളെയും ഡ്രോണുകളെയും തുരത്തുന്നതിൽ എസ്-400 മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് പുറമെ, ആധുനിക യുദ്ധതന്ത്രങ്ങളുടെ ഭാഗമായി പൈലറ്റില്ലാത്ത 60 സ്ട്രൈക്ക് ഡ്രോണുകളും (Strike Drones), കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ടുങ്കുസ്ക (Tunguska) മിസൈൽ സംവിധാനങ്ങളും സൈന്യത്തിന്റെ ഭാഗമാകും. അതിർത്തിയിലെ നിരീക്ഷണത്തിനും ആക്രമണങ്ങൾക്കും ഈ ഡ്രോണുകൾ കരുത്തേകും.
സൈനിക ഗതാഗത രംഗത്തും വലിയ മാറ്റങ്ങളാണ് പാക്കേജ് വിഭാവനം ചെയ്യുന്നത്. കാലപ്പഴക്കം ചെന്ന വിമാനങ്ങൾക്ക് പകരമായി 60 പുതിയ മൾട്ടിറോൾ ട്രാൻസ്പോർട്ട് വിമാനങ്ങൾ വാങ്ങുന്നതിനായി തുകയുടെ വലിയൊരു ഭാഗം മാറ്റിവെച്ചു. ബ്രസീലിന്റെ എംബ്രായർ, അമേരിക്കയുടെ ലോക്ഹീഡ് മാർട്ടിൻ, റഷ്യയുടെ ഇല്യൂഷിൻ എന്നിവയാണ് ഈ കരാറിനായി മത്സരരംഗത്തുള്ളത്. 114 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള 40 ബില്യൺ ഡോളറിന്റെ കരാറിന് പിന്നാലെ എത്തുന്ന ഈ പുതിയ പദ്ധതി ഇന്ത്യയെ ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധ ശക്തികളിലൊന്നായി മാറ്റുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
India strengthens its borders with a $25 billion defense package. The plan includes five additional S-400 systems, advanced strike drones, and 60 new transport aircraft to boost aerial superiority
