ഒഡീഷയിൽ ഡാറ്റാ സെന്റർ, ഊർജ്ജം, സിമന്റ് മേഖലകളിലായി 33,081 കോടി രൂപയുടെ വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. ഭുവനേശ്വറിലും കട്ടക്കിലുമായി നടപ്പിലാക്കുന്ന ഈ മൂന്ന് പദ്ധതികളിലൂടെ ഏകദേശം 9,700 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്ന് അദാനി പോർട്സ് എംഡി കരൺ അദാനി അറിയിച്ചു.

2047ഓടെ ഒഡീഷയെ 1.5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നിക്ഷേപത്തെ ഗ്രൂപ്പ് കാണുന്നത്. ഭുവനേശ്വറിലെ ഇൻഫോ വാലിയിൽ 800 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അത്യാധുനിക ഡാറ്റാ സെന്റർ ഐടി, ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരും. കട്ടക്കിന് സമീപം 30,181 കോടി രൂപ നിക്ഷേപത്തിൽ ആരംഭിക്കുന്ന തെർമൽ പവർ പ്ലാന്റ് വ്യവസായങ്ങൾക്കും വീടുകൾക്കും തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ സഹായിക്കും.
ഇതോടൊപ്പം കട്ടക്കിൽ തന്നെ 2100 കോടി രൂപ ചെലവിൽ പുതിയ സിമന്റ് നിർമ്മാണ യൂണിറ്റും അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നുണ്ട്. സംസ്ഥാനത്തെ ധാതുസമ്പത്തും യുവജനശേഷിയും വികസനത്തിന് മുതൽക്കൂട്ടാണെന്നും ഒഡീഷ സർക്കാരിന്റെ പിന്തുണ പ്രശംസനീയമാണെന്നും കരൺ അദാനി ചടങ്ങിൽ വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒഡീഷയുടെ ഭാവി കെട്ടിപ്പടുക്കുന്നതിൽ അദാനി ഗ്രൂപ്പ് പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Adani Group to invest ₹33,081 crore in Odisha across data center, energy, and cement sectors. Projects in Bhubaneswar and Cuttack are expected to generate 9,700 jobs, boosting the state’s goal of becoming a $1.5 trillion economy
