ഇന്തോനേഷ്യൻ വിപണിയിൽ പുതിയ കാർഗോ ത്രീ-വീലറായ ‘ടിവിഎസ് അർമാഡോ 200’ (TVS Armado 200) പുറത്തിറക്കി ടിവിഎസ് മോട്ടോർ കമ്പനി (TVS Motor Company). വാണിജ്യ ഗതാഗതത്തിനും ലോജിസ്റ്റിക്സ് മേഖലയ്ക്കും മുതൽക്കൂട്ടാകുന്ന രീതിയിലാണ് പുതിയ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 197.75 സിസി ഓയിൽ കൂൾഡ് എൻജിൻ കരുത്തേകുന്ന അർമാഡോ 200, നീണ്ട പ്രവർത്തന സമയവും കഠിനമായ ജോലികളും സുഗമമായി കൈകാര്യം ചെയ്യാൻ പ്രാപ്തമാണ്.

ഇന്തോനേഷ്യയിലെ ഗ്രാമീണ മേഖലകളിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതികളുടെ ഭാഗമായും ഈ വാഹനം ഉപയോഗിക്കപ്പെടും. എൻജിന് മൂന്ന് വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറന്റിയും ഉപഭോക്താക്കൾക്ക് സുഗമമായ ധനകാര്യ സേവനങ്ങളും ടിവിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎസ്ബി ചാർജിംഗ് പോർട്ടും ആധുനിക സസ്പെൻഷൻ സംവിധാനവുമുള്ള ഈ വാഹനം ഡ്രൈവർമാർക്ക് മികച്ച സൗകര്യവും സുരക്ഷയും നൽകുന്നു.
രണ്ട് മീറ്റർ നീളമുള്ള കാർഗോ ബെഡും 840 കിലോഗ്രാം വരെ ഭാരം ചുമക്കാനുള്ള ശേഷിയുമാണ് വാഹനത്തിനുള്ളത്. ഇന്തോനേഷ്യയിലെ ടിവിഎസ് കരാവാങ് പ്ലാന്റിൽ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഉൽപ്പന്നമാണിതെന്ന് കമ്പനി അറിയിച്ചു. നീല, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന വാഹനത്തിന് 35.9 മില്യൺ ഇന്തോനേഷ്യൻ രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
TVS Motor Company introduces the TVS Armado 200 in Indonesia. Equipped with a 197.75cc oil-cooled engine and a payload capacity of 840kg, this cargo three-wheeler aims to boost efficiency in the logistics and rural sectors
