അസാധ്യമായതിനെ സാധ്യമാക്കിയ പോരാട്ടവീര്യത്തിന്റെ കഥയുമായി ഇന്ത്യയുടെ പായൽ നാഗ് ലോകത്തിന്റെ നെറുകയിൽ. ബാങ്കോക്കിൽ നടന്ന വേൾഡ് പാരാ ആർച്ചറി സീരീസ് ഫൈനലിൽ തന്റെ പ്രിയതാരമായ ആംലെസ് ആർച്ചർ ശീതൾ ദേവിയെ പരാജയപ്പെടുത്തിയാണ് കൈകാലുകളില്ലാത്ത പായൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ലോകത്തിലെതന്നെ ആദ്യ ലിംബ് ലെസ് ആർച്ചറി ചാംപ്യനായി മാറിയ പായൽ തന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര മത്സരത്തിലാണ് നേട്ടത്തിലെത്തിയിരിക്കുന്നത്.

തോല്പിക്കാനാവാത്ത പോരാട്ടവീര്യം
ഒഡീഷയിലെ സാധാരണ കുടുംബത്തിൽ നിന്നുള്ള പായലിന്റെ പിതാവ് കൂലിപ്പണിക്കാരനാണ്. എട്ടാം വയസ്സിൽ വൈദ്യുതാഘാതത്തെത്തുടർന്നാണ് പായലിന് തന്റെ കൈകാലുകൾ നഷ്ടമായിത്. എന്നാൽ അവിടെ പായൽ തളർന്നില്ല. വായ കൊണ്ട് ചിത്രം വരയ്ക്കുന്ന പായലിന്റെ വീഡിയോ വൈറലായതോടെയാണ് കോച്ച് കുൽദീപ് കുമാർ വേദവാൻ ഈ പ്രതിഭയെ തിരിച്ചറിയുന്നത്. കത്രയിലെ തന്റെ അക്കാഡമിയിലെത്തിച്ച് കുൽദീപ് പായലിനെ ആർച്ചറിയിൽ പരിശീലിപ്പിച്ചു.

വ്യത്യസ്തമായ ശൈലി
കൈകളില്ലാത്ത ശീതൾ ദേവി കാലുകൾ ഉപയോഗിച്ചാണ് വില്ല് പിടിക്കുന്നത്. എന്നാൽ കൈകാലുകൾ ഇല്ലാത്ത പായലിന് ആ രീതി സാധ്യമല്ലായിരുന്നു. അതിനായി പ്രോസ്തെറ്റിക് സപ്പോർട്ടിൽ ഉറപ്പിച്ച പ്രത്യേക രീതിയിലുള്ള വില്ലാണ് പായൽ ഉപയോഗിക്കുന്നത്. തോളും വായയും ഉപയോഗിച്ചുള്ള ട്രിഗർ മെക്കാനിസത്തിലൂടെയാണ് പായൽ അമ്പ് എയ്യുന്നത്. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഈ വിദ്യ പായൽ സ്വായത്തമാക്കിയത്.

നേട്ടം പ്രിയതാരത്തെ വീഴ്ത്തി
തീപാറുന്ന ഫൈനലിൽ 139-136 എന്ന സ്കോറിനാണ് പായൽ ശീതളിനെ പരാജയപ്പെടുത്തിയത്. കരിയറിലെ ആദ്യ വലിയ വേദി ആയിരുന്നിട്ടും പതറാതെ ലക്ഷ്യത്തിലേക്ക് അമ്പ് എയ്ത പായൽ, ഓരോ ഘട്ടത്തിലും ശീതൾ നൽകിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചു.

സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മനോഹര നിമിഷം
മത്സരശേഷം മെഡൽ ദാന ചടങ്ങിൽ കണ്ട ദൃശ്യം കായികലോകത്തിന്റെ ഹൃദയം കവരുന്നതായിരുന്നു. തന്നെ തോൽപ്പിച്ച പായലിന്റെ വീൽചെയർ നീക്കാൻ സഹായിച്ചുകൊണ്ട് ശീതൾ ദേവി കൂടെ നിന്നു. ഒരേ പോഡിയത്തിൽ രണ്ട് ചാമ്പ്യൻമാർ ഒന്നിച്ചുനിന്ന ആ നിമിഷം സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉത്തമ ഉദാഹരണമായി മാറി.

18-year-old Payal Nag creates history in Bangkok by becoming the world’s first limbless archery champion, defeating Sheetal Devi in the World Para Archery Series final

Share.
Leave A Reply

Exit mobile version