പിഎം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിന് (PM Gati Shakti) കീഴിൽ റെയിൽവേ ശൃംഖലയുടെ വൻ വിപുലീകരണത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. 2025-26 സാമ്പത്തിക വർഷത്തിൽ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തോടെ 100 പുതിയ വിപുലീകരണ പദ്ധതികൾക്കാണ് മന്ത്രാലയം അംഗീകാരം നൽകിയത്. പുതിയ ലൈനുകൾ സ്ഥാപിക്കൽ, പാത ഇരട്ടിപ്പിക്കൽ, മൾട്ടിട്രാക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഏകദേശം 6,000 കിലോമീറ്ററിലധികം ദൂരത്തിൽ റെയിൽവേ ശൃംഖല വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പദ്ധതികളുടെ വിഹിതത്തിൽ 110 ശതമാനത്തിന്റെ വർദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

തിരക്കേറിയ റൂട്ടുകളിലെ യാത്രാക്ലേശം കുറയ്ക്കാനും ട്രെയിനുകളുടെ കൃത്യനിഷ്ഠ ഉറപ്പാക്കാനും ഈ പദ്ധതികൾ സഹായിക്കും. മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങി ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെല്ലാം ഈ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഉൾപ്രദേശങ്ങളിലേക്ക് ഉൾപ്പെടെ റെയിൽവേ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വേഗത പകരാൻ ഈ പദ്ധതികൾ ഉപകരിക്കുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം 73,000 കോടി രൂപയുടെ 64 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.
Indian Railways sets a new record with the approval of 100 expansion projects worth ₹1.53 lakh crore under PM Gati Shakti. Aiming to add 6,000 km of tracks to enhance speed and connectivity across India
