ഏഴ് വർഷങ്ങൾക്ക് മുമ്പ് ചൈനയിലെ പ്രാദേശിക വിപണിയിൽ നിന്ന് പിൻവാങ്ങിയ ആമസോൺ, പുതിയ തന്ത്രങ്ങളുമായി വീണ്ടും ചൈനയിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണ ആലിബാബയോടും ജെഡി ഡോട്ട് കോമിനോടും നേരിട്ട് മത്സരിക്കുന്നതിന് പകരം, ചൈനീസ് വ്യാപാരികളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന ലോജിസ്റ്റിക്സ് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ചൈനയിലെ ഷെൻസെനിൽ ആമസോൺ തങ്ങളുടെ ആദ്യത്തെ ഗ്ലോബൽ വെയർഹൗസിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ (GWD) സെന്റർ ആരംഭിച്ചു.

ചൈനീസ് കയറ്റുമതിക്കാർക്ക് കുറഞ്ഞ ചെലവിൽ സംഭരണ സൗകര്യവും ഷിപ്പിംഗും നൽകുന്നതിലൂടെ ചൈനീസ് കമ്പനികളായ ഷീൻ (Shein), ടെമു (Temu) എന്നിവയിൽ നിന്നുള്ള കടുത്ത മത്സരം നേരിടുകയാണ് ആമസോണിന്റെ ലക്ഷ്യം. അമേരിക്കയുൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് സാധനങ്ങൾ അയക്കുന്ന വ്യാപാരികളുടെ സംഭരണ ചെലവിൽ 45% വരെ കുറവ് വരുത്താൻ ഈ പുതിയ ലോജിസ്റ്റിക്സ് ഹബ്ബ് സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
Amazon re-enters China with a focus on global logistics. Its new Shenzhen GWD center aims to cut costs for Chinese exporters by 45%, challenging rivals like Temu and Shein
