യുഎഇയിലെ ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലുമുള്ള പാസ്‌പോർട്ട്, വിസ, ഒസിഐ തുടങ്ങിയ വിവിധ കോൺസുലർ സേവനങ്ങളുടെ നടത്തിപ്പ് ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്. 2025 നവംബറിൽ വിളിച്ച ടെൻഡറിലൂടെയാണ് കോഴിക്കോട് ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പ് ഈ കരാർ സ്വന്തമാക്കിയത്.
നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ബിഎൽഎസ് ഇന്റർനാഷണലിനെ പുതിയ കരാറുകളിൽ നിന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രണ്ട് വർഷത്തേക്ക് വിലക്കിയതിനെത്തുടർന്നാണ് നടപടി. വിഎഫ്എസ് ഗ്ലോബൽ ഉൾപ്പെടെയുള്ള നാല് കമ്പനികളിൽ നിന്ന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതിനാലാണ് അൽഹിന്ദിനെ തിരഞ്ഞെടുത്തതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
പുതിയ കരാർ പ്രകാരം പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കു പുറമെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, സറണ്ടർ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങളും ഇനി അൽഹിന്ദ് വഴി ലഭ്യമാകും. കരാർ ലഭിച്ച് 60 ദിവസത്തിനുള്ളിൽ എംബസി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നതോടെ അൽഹിന്ദ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കും.
1992ൽ പ്രവർത്തനം ആരംഭിച്ച അൽഹിന്ദ് ഗ്രൂപ്പ് നിലവിൽ ട്രാവൽ, ടൂറിസം മേഖലയ്ക്ക് പുറമെ ഐടി, വിദേശ നാണ്യ വിനിമയം തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് തുടങ്ങാനുള്ള അനുമതിയും കമ്പനിക്ക് നേരത്തെ ലഭിച്ചിരുന്നു.
Kozhikode-based Alhind Group has secured the contract for Indian passport, visa, and consular services in the UAE, replacing BLS International. Services to begin across the Emirates within 60 days
