2025-26 സാമ്പത്തിക വർഷത്തിൽ 15,296 കോടി രൂപ വരുമാനം നേടി തപാൽ വകുപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വളർച്ചയാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ 11,000ത്തിലധികം പുതിയ തപാൽ ഓഫീസുകൾ കൂടി സ്ഥാപിച്ച വകുപ്പ് രാജ്യത്തെ ഗ്രാമീണ മേഖലയുടെ 90 ശതമാനവും തങ്ങളുടെ ശൃംഖലയ്ക്ക് കീഴിലാക്കാനുള്ള ലക്ഷ്യത്തിലാണ്.

നിലവിൽ 1,64,999 തപാൽ ഓഫീസുകളുള്ള വലിയ ശൃംഖലയായി മാറിക്കഴിഞ്ഞ ഇന്ത്യ പോസ്റ്റ്, ലോജിസ്റ്റിക്സ് രംഗത്തെ പ്രമുഖ പങ്കാളിയാകാനുള്ള തയ്യാറെടുപ്പിലാണ്. വർഷങ്ങൾക്ക് ശേഷമാണ് വകുപ്പ് 15 ശതമാനത്തിലധികം വളർച്ചാ നിരക്ക് കൈവരിക്കുന്നതെന്ന് വാർഷിക ബിസിനസ് അവലോകന യോഗത്തിന് ശേഷം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പരമ്പരാഗത സേവനങ്ങളിൽ നിന്ന് മാറി വരുമാനത്തിൽ അധിഷ്ഠിതമായ കേന്ദ്രമായി തപാൽ വകുപ്പ് മാറിക്കഴിഞ്ഞു എന്നാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്.
പാർസലുകൾ, അന്താരാഷ്ട്ര ബിസിനസ് തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിൽ തപാൽ വകുപ്പിന്റെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം രാജ്യത്തെ ഡിജിറ്റൽ-ലോജിസ്റ്റിക്സ് വിപ്ലവത്തിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India Post records a massive ₹15,296 crore revenue for FY 2025-26. With over 11,000 new offices added in four years, the department is transforming into a major logistics and e-commerce hub
