ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകൾക്കും മൃഗങ്ങൾക്കുമായി അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി വരുന്നു. റിലയൻസ് ഫൗണ്ടേഷന്റെ ആഗോള മൃഗസംരക്ഷണ സംരംഭമായ ‘വൻതാര’യിൽ നിന്നുള്ള വിദഗ്ധ സംഘം കഴിഞ്ഞ ദിവസം പുന്നത്തൂർ കോട്ട സന്ദർശിച്ച് ഇതിന്റെ സാധ്യതകൾ വിലയിരുത്തി. അടുത്തിടെ ഗുരുവായൂർ സന്ദർശിച്ച അനന്ത് അംബാനി ദേവസ്വം അധികൃതരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ നീക്കം. നിലവിലെ സൗകര്യങ്ങൾ പരിശോധിച്ച സംഘം, വിശദമായ പ്ലാനിംഗിന് ശേഷം സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുള്ള ആശുപത്രി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കാമെന്ന് ദേവസ്വത്തെ അറിയിച്ചു.

പുന്നത്തൂർ കോട്ടയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. സന്ദർശനത്തിനിടെ ദേവസ്വം ആനയായ ‘നന്ദനെ’ പരിശോധിച്ച വിദഗ്ധർ ആവശ്യമായ ചികിത്സാ നിർദ്ദേശങ്ങളും നൽകി. കോട്ടയിലെ നിലവിലെ ആനപരിപാലന രീതികളെ സംഘം പ്രശംസിച്ചു. പദ്ധതിയുടെ കൂടുതൽ പഠനത്തിനും ഏകോപനത്തിനുമായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര കേന്ദ്രം സന്ദർശിക്കാൻ ദേവസ്വം പ്രതിനിധികളെ സംഘം ക്ഷണിച്ചിട്ടുണ്ട്. ആനകൾക്കായി കേരളത്തിൽ ഒരുങ്ങുന്ന ഏറ്റവും മികച്ച ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്
Reliance Foundation’s Vantara team visits Punnathur Kotta to plan a world-class multi-specialty veterinary hospital for elephants. The project, initiated by Anant Ambani, aims to revolutionize elephant healthcare in Guruvayur
