ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയിൽ ചരിത്രനേട്ടം കുറിച്ചുകൊണ്ട്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് വഡോദരയിലെ പ്ലാന്റിൽ നിന്നും ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 (C295) ട്രാൻസ്പോർട്ട് വിമാനം പുറത്തിറക്കി. ഗുജറാത്തിലെ വഡോദരയിലുള്ള ഫൈനൽ അസംബ്ലി ലൈനിൽ (FAL) നിർമ്മാണം പൂർത്തിയാക്കിയ ഈ വിമാനം, രാജ്യത്തെ സ്വകാര്യ മേഖലയിൽ നിർമ്മിക്കപ്പെടുന്ന ആദ്യത്തെ സൈനിക വിമാനമാണ്. 2021-ൽ എയർബസുമായി ഒപ്പിട്ട 21,000 കോടി രൂപയുടെ കരാർ പ്രകാരം, വ്യോമസേനയ്ക്കായി നിർമ്മിക്കുന്ന 40 വിമാനങ്ങൾ ഈ പ്ലാന്റിലായിരിക്കും തയ്യാറാകുന്നത്.

നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന കാലപ്പഴക്കം ചെന്ന അവ്രോ (Avro) വിമാനങ്ങൾക്ക് പകരമായാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഈ ഇടത്തരം ഗതാഗത വിമാനങ്ങൾ എത്തുന്നത്. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ കരുത്തുപകരുന്ന ഈ നീക്കം, ഇന്ത്യയെ ആഗോള വ്യോമയാന നിർമ്മാണ ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കാൻ സഹായിക്കും.
Tata Advanced Systems rolls out the first ‘Made in India’ C295 military transport aircraft from its Vadodara plant, marking a historic milestone in India’s defense manufacturing.
