ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റിൽ 35 വർഷത്തെ സുദീർഘവും വിജയകരവുമായ സേവനത്തിന് ശേഷം കമ്പനിയുടെ കൺസ്യൂമർ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ യൂസഫ് മെഹ്ദി പടിയിറങ്ങുന്നു. അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിയുമെന്ന് ജീവനക്കാർക്കയച്ച ആഭ്യന്തര സന്ദേശത്തിൽ വ്യക്തമാക്കി. വിൻഡോസ് 95 മുതൽ ഏറ്റവും പുതിയ കോപൈലറ്റ് പ്ലസ് പിസികളുടെ വരവ് വരെ, മൈക്രോസോഫ്റ്റിന്റെ വളർച്ചയിലെ ഏറ്റവും നിർണ്ണായകമായ പല ഘട്ടങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയാണ് മെഹ്ദി.

കമ്പനി വിടുന്നതുവരെയുള്ള ബാക്കി സമയങ്ങളിൽ വിൻഡോസിന്റെ നവീകരണത്തിനും, മൈക്രോസോഫ്റ്റ് 365 സേവനങ്ങളുടെ വളർച്ചയ്ക്കും, കമ്പനിയുടെ ‘വൺ കോപൈലറ്റ്’ എന്ന എഐ സ്വപ്നം യാഥാർത്ഥ്യമാക്കാനുമായിരിക്കും താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്റേൺ ആയി മൈക്രോസോഫ്റ്റിൽ കരിയർ ആരംഭിച്ച യൂസഫ് മെഹ്ദി, പിന്നീട് വിൻഡോസ് 3.1, ബിങ് സെർച്ച് എഞ്ചിൻ, എക്സ്ബോക്സ് വൺ, വിൻഡോസ് 10 തുടങ്ങിയ മൈക്രോസോഫ്റ്റിന്റെ ചരിത്രം മാറ്റിക്കുറിച്ച പല പ്രൊഡക്ടുകളുടെയും വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു.

നിലവിൽ മൈക്രോസോഫ്റ്റ് എഐ, കോപൈലറ്റ് എന്നിവയുടെ പ്രൊഡക്റ്റ് മാർക്കറ്റിംഗിന് നേതൃത്വം നൽകുന്ന മെഹ്ദിക്ക് പകരം മറ്റാരെ നിയമിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിഇഒ സത്യ നദെല്ലയുടെ നേതൃത്വത്തിൽ മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ വലിയ ഘടനാപരമായ മാറ്റങ്ങൾ നടന്നു വരുന്ന പശ്ചാത്തലത്തിലാണ് മുതിർന്ന ലീഡറായ മെഹ്ദിയുടെ ഈ പടിയിറക്ക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

Tech veteran and Consumer Chief Marketing Officer Yusuf Mehdi announces his exit from Microsoft after a landmark 35-year tenure shaping Windows and AI Copilot.

Share.
Leave A Reply

Exit mobile version