ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-ലൊക്കേഷൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) വിജയകരമായി കമ്മീഷൻ ചെയ്ത് അദാനി. 3.37 ഗിഗാവാട്ട് അവർ (GWh) ശേഷിയുള്ള ഈ കൂറ്റൻ പദ്ധതി വെറും 10 മാസത്തെ റെക്കോർഡ് വേഗതയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇന്ത്യയുടെ ഹരിത ഊർജ്ജ മേഖലയിൽ ചരിത്രപരമായ നേട്ടമാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഖാവ്ദയിലാണ് അദാനി പദ്ധതി യാഥാർത്ഥ്യമാക്കിയത്.

ഈ വർഷം മാർച്ചിൽ സ്ഥാപിച്ച 1.37 ഗിഗാവാട്ട് അവർ ശേഷിക്ക് പുറമെയാണ് ഖാവ്ദയിലെ ഈ നേട്ടം. നിർമ്മാണം തുടങ്ങി വെറും പത്ത് മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യാൻ കഴിഞ്ഞു എന്നത് ലോകത്ത് തന്നെ ഏറ്റവും വേഗതയേറിയ നേട്ടങ്ങളിലൊന്നാണ്. അദാനി ഗ്രീൻ ഖാവ്ദയിൽ വികസിപ്പിച്ചുവരുന്ന 30 ഗിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പ്ലാന്റിന് കൂടുതൽ കരുത്തുപകരുന്നതാണ് ഈ പുതിയ സംവിധാനം.
കാലാവസ്ഥയോ സമയമോ അനുസരിച്ച് പുനരുപയോഗ ഊർജ്ജ ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പരിഹരിക്കാൻ ഇത്തരം വിപുലമായ ബാറ്ററി സംഭരണ സംവിധാനങ്ങൾക്ക് സാധിക്കും. ഖാവ്ദയിലെ ഈ പ്ലാന്റിൽ സംഭരിക്കുന്ന ശുദ്ധമായ ഊർജ്ജം ഉപയോഗിച്ച് ഏകദേശം പത്ത് ലക്ഷം വീടുകൾക്ക് ഒരു ദിവസം മുഴുവൻ തടസ്സമില്ലാതെ വൈദ്യുതി നൽകാൻ കഴിയും. ഇൻഡോർ, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിലെ അല്ലെങ്കിൽ ഗോവ സംസ്ഥാനത്തെ മുഴുവനായുള്ള പീക്ക്-അവർ വൈദ്യുതി ആവശ്യകത നിറവേറ്റാൻ ഈ ഒരു പ്ലാന്റിലെ സംഭരണ ശേഷിക്ക് സാധിക്കും. കൂടാതെ 12 മില്യണിലധികം എൽഇഡി ബൾബുകൾ തുടർച്ചയായി 10 മണിക്കൂർ പ്രകാശിപ്പിക്കാനും ഇതിനാകും. ലിഥിയം അയൺ സാങ്കേതികവിദ്യയും ആധുനിക എനർജി മാനേജ്‌മെന്റ് സിസ്റ്റവും കോർത്തിണക്കിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിലവിൽ 12 സംസ്ഥാനങ്ങളിലായി ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പോർട്ട്‌ഫോളിയോ ആയ 19.7 ഗിഗാവാട്ട് കൈകാര്യം ചെയ്യുന്നത് അദാനി ഗ്രീൻ എനർജിയാണ്. വരും വർഷങ്ങളിൽ തങ്ങളുടെ സംഭരണ ശേഷി കൂടുതൽ വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ (FY27) 10 ഗിഗാവാട്ട് അവറിലധികം ബാറ്ററി സംഭരണ ശേഷി കൂട്ടിച്ചേർക്കാനും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 50 ഗിഗാവാട്ട് അവർ ആയി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. 2030-ഓടെ ആകെ ഉൽപ്പാദനം 50 ഗിഗാവാട്ടിൽ എത്തിക്കുക എന്ന ഇന്ത്യയുടെ ഡീകാർബണൈസേഷൻ ലക്ഷ്യങ്ങൾക്കൊപ്പമാണ് കമ്പനി മുന്നേറുന്നത്.
പാരീസിന്റെ അഞ്ചിരട്ടി വലുപ്പമുള്ള, ഗുജറാത്തിലെ തരിശുഭൂമിയിൽ നിർമ്മിക്കുന്ന ഈ ഊർജ്ജ പ്ലാന്റ് പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തവും സസ്റ്റനയിബിളുമാണ്. 24 മണിക്കൂറും ഗ്രീൻ പവർ ഉറപ്പാക്കുന്ന ഈ പുതിയ ബാറ്ററി സ്റ്റോറേജ് സിസ്റ്റം ഇന്ത്യൻ ഊർജ്ജ മേഖലയിൽ വലിയൊരു വിപ്ലവത്തിന് തന്നെയാകും വഴിതുറക്കുക.
Adani Green Energy, Battery Energy Storage System, Khavda Renewable Energy Park, Largest Battery Storage Outside China, BESS India, Gujarat Green Energy, Adani Group Clean Energy, Lithium Ion Battery Storage, India Decarbonization Goals 2030
