ലോകകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് (SpaceX) പ്രഥമ ഓഹരി വിപണി പ്രവേശനത്തിന് (IPO) ഒരുങ്ങുമ്പോൾ ആഗോള സാമ്പത്തിക ലോകത്തിന്റെ കണ്ണ് ഒരു ഇന്ത്യൻ വംശജരിലേക്കാണ് നീളുന്നത്. 2008-ൽ പരീക്ഷണ റോക്കറ്റുകൾ ഒന്നിനുപുറകെ ഒന്നായി തകർന്നു വീണ്, നിക്ഷേപകർ കൈയൊഴിഞ്ഞ ഘട്ടത്തിൽ സ്‌പേസ് എക്‌സിനെ പാപ്പരത്തത്തിൽ നിന്നും രക്ഷിച്ച അന്റോണിയോ ഗ്രേഷ്യസ് (Antonio Gracias) എന്ന നിക്ഷേപകനെയാണ് ഇപ്പോൾ ചരിത്രപരമായ നേട്ടം കാത്തിരിക്കുന്നത്. സ്പേസ് എക്സിന്റെ ഐപിഒ മൂല്യം പ്രതീക്ഷിക്കുന്ന 2 ട്രില്യൺ ഡോളറിൽ എത്തിയാൽ, ഗ്രേഷ്യസിന്റെ വിഹിതം മാത്രം 128 ബില്യൺ ഡോളർ (ഏകദേശം 12.16 ലക്ഷം കോടി രൂപ) എന്ന വമ്പൻ തുകയായി ഉയരുമെന്നാണ് പുറത്തുവന്ന റെഗുലേറ്ററി ഫയലിംഗുകൾ വ്യക്തമാക്കുന്നത്.

മസ്കിന് തൊട്ടുപിന്നിൽ കമ്പനിയിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ള രണ്ടാമത്തെ വ്യക്തി കൂടിയാണ് അദ്ദേഹം. വെല്ലുവിളികൾ നിറഞ്ഞ സമയത്ത് ഇലോൺ മസ്കിന്റെ കമ്പനികളിൽ ശക്തമായ നിക്ഷേപം നടത്തിയ ‘വാലർ ഇക്വിറ്റി പാർട്ണേഴ്സ്’ (Valor Equity Partners) എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന്റെ സ്ഥാപകനാണ് അന്റോണിയോ ഗ്രേഷ്യസ്. സ്പേസ് എക്സിന്റെ 500 മില്യണിലധികം ക്ലാസ് എ ഓഹരികൾ, അതായത് കമ്പനിയുടെ ആകെ ഓഹരിയുടെ 7.3 ശതമാനത്തോളം ഗ്രേഷ്യസിന്റെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും പക്കലുണ്ട്. വരും ആഴ്ചകളിൽ വിപണിയിൽ ലിസ്റ്റ് ചെയ്യാനിരിക്കുന്ന സ്പേസ് എക്സിന്റെ ഓഹരികൾ വൻ തരംഗം സൃഷ്ടിക്കുമെന്നുറപ്പായതോടെ, ലോകത്തിലെ ഏറ്റവും വലിയ വെഞ്ച്വർ ക്യാപിറ്റൽ നേട്ടങ്ങളിലൊന്നാകും ഈ ഇന്ത്യൻ വംശജനെ തേടിയെത്തുക.
മുൻപ് ടെസ്‌ലയുടെയും ബോർഡ് അംഗമായിരുന്ന ഗ്രേഷ്യസ് എന്നും മസ്കിന്റെ വിശ്വസ്തനായ പങ്കാളിയായാണ് അറിയപ്പെടുന്നത്. ലൈംലൈറ്റിൽ നിന്നും വാർത്തകളിൽ നിന്നും എപ്പോഴും മാറിനിൽക്കാൻ ഇഷ്ടപ്പെടുന്ന ഗ്രേഷ്യസിന്റെ വേരുകൾ ഗോവയിലാണ്. ഗോവയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പ്രശസ്തനായ ഒരു ന്യൂറോ സർജന്റെയും സ്‌പെയിൻകാരിയായ ഫാർമസിസ്റ്റിന്റെയും മകനായി ഡെട്രോയിറ്റിലാണ് അന്റോണിയോ ജനിച്ചുവളർന്നത്. ജോർജ്ജ് ടൗൺ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ധനകാര്യത്തിൽ ബിരുദാനന്തര ബിരുദവും, ടോക്കിയോയിലെ വസേഡ സർവകലാശാലയിൽ ഉപരിപഠനവും, ചിക്കാഗോ സർവകലാശാലയിൽ നിന്ന് നിയമബിരുദവും ഇദ്ദേഹം നേടിയിട്ടുണ്ട്. പരാജയത്തിന്റെ അരികിൽ നിന്ന് സ്പേസ് എക്സിനെ ഇന്നത്തെ ബഹിരാകാശ ഭീമനാക്കി മാറ്റാൻ മസ്കിനൊപ്പം തോളോട് തോൾ ചേർത്ത ഗ്രേഷ്യസിന്റെ നിക്ഷേപ തന്ത്രം ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറാൻ പോവുകയാണ്.
As Elon Musk’s SpaceX prepares for its highly anticipated IPO at a $2 trillion valuation, Indian-origin investor Antonio Gracias is poised to make over $128 billion.
