ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ഇന്റീരിയർ രൂപകൽപ്പന ചെയ്യുന്നതിനായുള്ള വൻ കരാർ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന Kineco Group സ്വന്തമാക്കി. ട്രെയിനുകളിലെ സ്ലീപ്പർ ക്യൂബിക്കിളുകൾ, വാതിലുകൾ, അത്യാധുനിക വാക്വം ടോയ്‌ലറ്റ് സംവിധാനങ്ങൾ എന്നിവ നിർമ്മിച്ച് നൽകാനുള്ള മൾട്ടി-ഇയർ കരാറാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

നിലവിൽ വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകളുടെ നോസ് ഫ്രണ്ട്, പാസഞ്ചർ വെസ്റ്റിബ്യൂളുകൾ, ഇന്റീരിയർ പാനലുകൾ എന്നിവയും ഈ കമ്പനിയാണ് നിർമ്മിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള, 16 കോച്ചുകളിലായി 823 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണത്തിൽ ഈ പുതിയ കരാർ വലിയ നാഴികക്കല്ലാകും.
1995-ൽ ശേഖർ സർദേശായി (Shekhar Sardessai) വളരെ ചെറിയ രീതിയിൽ തുടക്കം കുറിച്ച കമ്പനിയാണ് ഇന്ന് രാജ്യത്തെ മുൻനിര ഉൽപ്പാദകരായ Kineco Group. നിലവിൽ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ശേഖർ സർദേശായിയും, ഗ്രൂപ്പ് സി.ഇ.ഒ ആയി വിവേക് ശ്രീവാസ്തവയും നേതൃത്വം നൽകുന്ന കമ്പനിക്ക് പുതിയ കരാറുകളോടെ 3,000 കോടി രൂപയിലധികം മൂല്യമുള്ള ഓർഡറുകളാണ് കൈവശമുള്ളത്. യൂറോപ്യൻ നിലവാരത്തിലുള്ള സാങ്കേതികവിദ്യ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭ്യമാക്കുന്നതിനായി ഡെൻമാർക്കിലെ ‘സെംവാക്’ (Semvac), യുകെയിലെ ‘ടി.ആർ.ബി ലൈറ്റ്‌വെയ്റ്റ് സ്ട്രക്ചേഴ്സ്’ (TRB Lightweight Structures) എന്നീ വിദേശ കമ്പനികളെയും ഗ്രൂപ്പ് മുൻപ് ഏറ്റെടുത്തിരുന്നു.
Goa-based Kineco Group bags a massive multi-year contract to design sleeper cubicles, doors, and vacuum toilets for 100 upcoming Vande Bharat Sleeper trains.
