ദുബായിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ ബാങ്കർ ശ്രദ്ധ ഗുപ്ത ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് (8,849 മീറ്റർ) കീഴടക്കി ചരിത്രം കുറിച്ചു. പ്രശസ്ത പർവതാരോഹകൻ നിർമൽ പുർജയുടെ ‘എലൈറ്റ് എക്‌സ്പെഡിഷൻസ്’ ടീമിനൊപ്പമാണ് ശ്രദ്ധ ഈ ദുർഘടമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വെറും മൂന്ന് വർഷം മുൻപ് വിനോദത്തിനായി ട്രെക്കിംഗ് ആരംഭിച്ച ശ്രദ്ധ, ചുരുങ്ങിയ കാലം കൊണ്ടാണ് ലോകത്തിന്റെ നെറുകയിൽ എത്തിനിൽക്കുന്ന അപൂർവ നേട്ടം കൈവരിച്ചത്.

എവറസ്റ്റ് ദൗത്യത്തിന് മുന്നോടിയായി 2025 സെപ്റ്റംബറിൽ ലോകത്തിലെ എട്ടാമത്തെ ഉയർന്ന കൊടുമുടിയായ മനാസ്ലുവും, ഒപ്പം ആഫ്രിക്കയിലെ കിളിമഞ്ചാരോ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന കൊടുമുടികളും അവർ കീഴടക്കിയിരുന്നു. നിലവിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള ഡിബിഎസ് (DBS) ബാങ്കിന്റെ മിഡിൽ ഈസ്റ്റ് കോർപ്പറേറ്റ് ബിസിനസ് മേധാവിയായി ജോലി ചെയ്യുകയാണ് ഈ ഇന്ത്യൻ വനിത. കരിയറിലെ ഉത്തരവാദിത്തങ്ങൾക്കിടയിലും കഠിനമായ പരിശീലനങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്ത ഈ വിജയം വലിയ പ്രചോദനമാണ്.
Dubai-based Indian banker Shradha Gupta creates history by scaling Mount Everest alongside Nirmal Purja’s Elite Expeditions team.
