പ്രമുഖ സ്വീഡിഷ് ഫർണിച്ചർ റീട്ടെയിൽ ഭീമന്മാരായ ഐകിയ (IKEA) തങ്ങളുടെ നാലാമത്തെ ആഗോള പ്രൊഡക്ട് ഡെവലപ്‌മെന്റ് സെന്റർ ഇന്ത്യയിൽ ആരംഭിച്ചു. സ്വീഡൻ, ചൈന, വിയറ്റ്‌നാം എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ജനതയുടെ ജീവിതശൈലിക്ക് ഇണങ്ങുന്നതും അതോടൊപ്പം ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അനുയോജ്യവുമായ വിലക്കുറവുള്ള ഗൃഹോപകരണങ്ങൾ രൂപകൽപ്പന ചെയ്യുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം.

ഇന്ത്യ ഇനി വെറുമൊരു സോഴ്സിങ് ബെയിസ് മാത്രമല്ലെന്നും, മറിച്ച് ഐകിയയുടെ ആഗോള ഉൽപ്പന്ന വികസനത്തിന്റെയും കയറ്റുമതിയുടെയും പ്രധാന ഹബ്ബായി മാറിയെന്നും കേന്ദ്രത്തിന്റെ മേധാവി ഓസ്‌കർ ലിൻഡ്‌ക്വിസ്റ്റ് വ്യക്തമാക്കി. ഇന്ത്യയിലെ പ്രാദേശിക അസംസ്‌കൃത വസ്തുക്കളും നിർമ്മാണ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ഉൽപ്പന്നങ്ങളുടെ വില കുറച്ചുനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ കേന്ദ്രം ഇതിനകം തന്നെ 150 പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കിക്കഴിഞ്ഞു; 220 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
നിലവിൽ ഇന്ത്യയിലെ ഐകിയ സ്റ്റോറുകളിലുള്ള ഉൽപ്പന്നങ്ങളുടെ 30 ശതമാനമാണ് പ്രാദേശികമായി ഉത്പാദിപ്പിക്കുന്നത്. ഇത് ഘട്ടങ്ങളായി 50 ശതമാനമായി ഉയർത്താനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ പ്രതിവർഷം 400 മില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഐകിയ ഇന്ത്യയിൽ നിന്ന് സമാഹരിക്കുന്നത്, ഇതിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവയുമാണ്.
Swedish retail giant IKEA has launched its 4th global product development center in India. Discover how IKEA plans to turn India into a global home furnishing hub.
