കേരളത്തിൽ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് – ധവളപത്രം പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നത് വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്നും ധവളപത്രം വ്യക്തമാക്കുന്നു

കിഫ്‌ബി (KIIFB) വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ തന്നെ കടമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കിഫ്‌ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിൽ ഉൾപ്പെടുമെന്ന കണ്ടെത്തൽ വലിയ തിരിച്ചടിയായി. കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയർന്നു.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നത് വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയിനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണ്.
കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചതും ഖജനാവിന് കനത്ത ആഘാതമായി. 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയത് വരുമാനത്തിൽ 20,000 കോടി രൂപയുടെ കുറവുണ്ടാക്കാൻ ഇടയാക്കും.
ആർ.ബി.ഐയുടെ അടിയന്തര വായ്പാ സൗകര്യങ്ങളെ ആശ്രയിച്ചാണ് ദൈനംദിന കാര്യങ്ങൾ നടക്കുന്നത്. വായ്പാ പരിധി അവസാനിച്ചതിനെത്തുടർന്ന് കടുത്ത ഓവർഡ്രാഫ്റ്റ് നിയന്ത്രണങ്ങളിലേക്ക് ട്രഷറി നീങ്ങുകയാണ് എന്ന സൂചന കൂടി ധവളപത്രത്തിൽ വ്യക്തമാക്കുന്നു .
2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 12-ൽ 10 മാസവും ട്രഷറിയിൽ ബാലൻസ് നെഗറ്റീവ് ആയിരുന്നു.
കിഫ്‌ബി പോലുള്ള സമാന്തര സംവിധാനങ്ങൾ സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് വരുത്തിവച്ചത് എന്ന് ധവളപത്രത്തിൽ അതിരൂക്ഷ വിമർശനമുണ്ട്. സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സമാന്തര ഭരണകൂടമായി പ്രവർത്തിച്ച കിഫ്‌ബിക്ക് മാത്രം 21,000 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ട്. ഇതിനു പുറമെ, അംഗീകരിച്ചിട്ടുള്ള പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി കിഫ്‌ബിക്ക് ആവശ്യമാണ്. വായ്പ എടുക്കുന്നതിന് സർക്കാരിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ അധികം പലിശ കിഫ്‌ബിക്ക് നൽകേണ്ടി വരുന്നത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
കിഫ്‌ബി പദ്ധതികളുടെ വിതരണത്തിലും പ്രാദേശികമായ അസമത്വമുണ്ടെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. ആകെ അനുവദിച്ച തുകയുടെ 20 ശതമാനവും കണ്ണൂർ ജില്ലയിലേക്കാണ് പോയത്. തിരുവനന്തപുരം (17%), എറണാകുളം (11%) എന്നീ ജില്ലകൾ കൂടി ചേർത്താൽ ആകെ പദ്ധതികളുടെ പകുതിയോളം ഈ മൂന്ന് ജില്ലകളിലായി ഒതുങ്ങുന്നു എന്നത് ഗുരുതരമായ ക്രമക്കേടാണെന്ന സംശയവും ധവളപത്രത്തിലുണ്ട്. .
Kerala’s official White Paper reveals a severe economic crisis with total debt hitting ₹5.07 lakh crore. Read about the KIIFB liabilities, KSRTC losses, and treasury strain.
