മലയാളി സ്റ്റാർട്ടപ്പായ എസ്‌ട്രോ ടെക് റോബോട്ടിക്‌സ് (Estro Tech Robotics) 1 കോടി രൂപയുടെ സീഡ് ഫണ്ടിംഗ്. റോബോട്ടിക്‌സ്, AIoT (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫ് തിങ്സ്) മേഖലകളിൽ മികച്ച സൊല്യൂഷൻസ് നൽകുന്ന സ്റ്റാർട്ടപ്പാണ് എസ്‌ട്രോ ടെക്. പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ജെൻറോബോട്ടിക്‌സിന്റെ (Genrobotics Innovations) നേതൃത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്. ജെൻറോബോട്ടിക്‌സിന്റെ അഡ്വാൻസ്ഡ് റോബോട്ടിക്‌സ് രംഗത്തെ മികച്ച പരിചയസമ്പത്തും സാങ്കേതികവിദ്യ മാർക്കറ്റിലേക്ക് എത്തിക്കാനുള്ള ബന്ധങ്ങളും, എസ്‌ട്രോ ടെക്കിന്റെ ഓട്ടോമേഷൻ, AIoT, ഇന്റലിജന്റ് സിസ്റ്റംസ് മേഖലയിലെ മികവും ഒത്തുചേരുന്നതോടെ വലിയ മാറ്റമാണ് ഇരുകമ്പനികളും പ്രതീക്ഷിക്കുന്നത്.

നഗരങ്ങളിലെയും പൊതുയൂട്ടിലിറ്റികളിലെയും ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ന്യൂജെൻ സാങ്കേതികവിദ്യകൾ ഡെവലപ് ചെയ്യുന്നതിനും അവ വിപണിയിലെത്തിക്കുന്നതിനും വേണ്ടിയാണ് പുതിയ മൂലധനം വിനിയോഗിക്കുകയെന്ന് കമ്പനി അറിയിച്ചു. ഫിനാൻഷ്യൽ സപ്പോർട്ടിന് പുറമേ, പ്രൊഡക്റ്റ് ഡെവലപ്മെന്റ്, മാർക്കറ്റ് സാധ്യതകൾ, മെന്റർഷിപ് എന്നിവയും ഈ കൂട്ടുകെട്ടിലൂടെ എസ്‌ട്രോ ടെക്കിന് ലഭിക്കും.
2020-ൽ എഞ്ചിനീയറിംഗ് ബിരുദധാരികളായ ക്രിസ്റ്റോ വർഗീസ്, ക്രിസ്റ്റോ കൊല്ലന്നൂർ, രാഹുൽ വിൻസെന്റ്, ബോൺസ്റ്റോ വിൽസൺ എന്നിവർ ചേർന്നാണ് ഡീപ്-ടെക് സ്റ്റാർട്ടപ്പായ എസ്‌ട്രോ ടെക് റോബോട്ടിക്‌സിന് രൂപം നൽകിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യയിലെ ആദ്യത്തെ യുവി സ്റ്റെറിലൈസിംഗ് റോബോട്ട് (UV Sterilising Robot) നിർമ്മിച്ച് ഇവർ ശ്രദ്ധ നേടിയിരുന്നു. പിന്നീട് റീട്ടെയ്ൽ രംഗത്തേക്ക് ചുവടുവെച്ച കമ്പനി, സ്റ്റോറുകൾക്കുള്ളിൽ ഇന്ററാക്ടീവ് പരസ്യങ്ങൾ നൽകുന്ന ‘റോബ്ആഡ്’ (RobAd) എന്ന പ്ലാറ്റ്‌ഫോമും വികസിപ്പിച്ചു.
നിലവിൽ പ്രമുഖ എഫ്.എം.സി.ജി (FMCG) ബ്രാൻഡുകളുമായും പ്രമുഖ റീട്ടെയ്‌ലർമാരുമായും സഹകരിച്ച് പ്രവർത്തിക്കുന്ന എസ്‌ട്രോ ടെക്കിന് നൈജീരിയ, ബോട്സ്വാന, ഖത്തർ, ദക്ഷിണ കൊറിയ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലും വിതരണ പങ്കാളിത്തമുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഓഫീസ് ഇൻഫോപാർക്ക് കൊരട്ടിയിലാണ്.
ഭൂഗർഭ യൂട്ടിലിറ്റി ശൃംഖലകളും നഗരങ്ങളിലെ ഇൻഫ്രാസ്ട്രക്ചർ ആസ്തികളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളിലേക്കാണ് എസ്‌ട്രോ ടെക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പുതിയ ഫണ്ടിന്റെ സഹായത്തോടെ ആധുനിക റോബോട്ടിക് സംവിധാനങ്ങൾ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഭൂഗർഭ ശൃംഖലകളിലൂടെ സഞ്ചരിച്ച് പരിശോധന നടത്താൻ ശേഷിയുള്ള അഡ്വാൻസ്ഡ് ഇൻസ്പെക്ഷൻ റോബോട്ടുകൾ. തുടർച്ചയായ നിരീക്ഷണത്തിനായി AI സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സ്വീവേജ്-ലൈൻ മോണിറ്ററിംഗ് സിസ്റ്റങ്ങൾ. തകരാറുകൾ മുൻകൂട്ടി കണ്ടെത്താനും കൃത്യമായ അറ്റകുറ്റപ്പണികൾ നിർദ്ദേശിക്കാനും സഹായിക്കുന്ന പ്രെഡിക്റ്റീവ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ എന്നിവ നിർമ്മിക്കുകയാണ് ലക്ഷ്യം.
Thrissur-based Estro Tech Robotics secures ₹1 crore seed funding from Genrobotics. The deep-tech startup will use the capital to develop AIoT and smart infrastructure monitoring robots.
