പൊതുജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിലവിലുള്ള 20 വർഷത്തെ കാലാവധിക്ക് പകരം, ലൈസൻസ് ഉടമയ്ക്ക് 50 വയസ്സ് തികയുന്നത് വരെ കാലാവധി നീട്ടി നൽകാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നത്. ഇതോടൊപ്പം വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതും പെർമിറ്റുകൾ പുതുക്കുന്നതും ഉൾപ്പെടെയുള്ള സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കാനും നീക്കമുണ്ട്.

ഈ മാറ്റം വഴി സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ യാതൊരു കുറവും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസുകൾ ആർടിഒ ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഓൺലൈൻ വഴി ഈടാക്കാൻ സാധിക്കും. കൂടാതെ, ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് നെഗറ്റീവ് പോയിന്റുകൾ നൽകാനും, അത് വഴി ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഉള്ള കർശനമായ ഡിജിറ്റൽ സംവിധാനം ഇതിനൊപ്പം നടപ്പിലാക്കും. ഇതിലൂടെ നിയമലംഘനം നടത്തുന്ന ഡ്രൈവർമാരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു
The Central Government plans to extend driving licence validity until the holder turns 50 and shift all RTO services completely online with a new digital traffic penalty system.
