സംസ്ഥാനത്തെ ജെൻ സി (Gen-Z) തലമുറയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളാണ് പുതുക്കിയ സംസ്ഥാന ബജറ്റിന്റെ പ്രത്യേകത. ജെൻ സികൾക്കുള്ള സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഡിജിറ്റൽ ധാർമ്മികത, സ്വകാര്യതാ സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്റ്റാർട്ടപ്പുകൾ, ഇന്നോവേഷൻ ഹബുകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കാൻ യുവതലമുറയുടെ സാങ്കേതിക മികവുകൾ ഇതിലൂടെ ഉറപ്പാക്കാനാകുമെന്ന് ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

യുവതലമുറയുടെ നൂതന ആശയങ്ങൾക്ക് കരുത്തുപകരാൻ സ്റ്റാർട്ടപ്പുകൾക്കും ഇൻകുബേഷൻ സെന്ററുകൾക്കും വലിയ പിന്തുണയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വളർന്നുവരുന്ന ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പുകൾക്കായി 5 കോടി രൂപ ബജറ്റിൽ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായ-ഗവേഷണ സ്ഥാപനങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട് പുതിയൊരു ‘റിസർച്ച് പാർക്കും’ സംസ്ഥാനത്ത് സ്ഥാപിക്കും. യുവാക്കളുടെ സ്റ്റാർട്ടപ്പുകൾക്കും ഗവേഷണങ്ങൾക്കും ആവശ്യമായ മികച്ച ഇൻകുബേഷൻ സൗകര്യങ്ങളും സാങ്കേതിക സഹായവും ഒരു മേൽക്കൂരക്കുകീഴിൽ ലഭ്യമാക്കാൻ ഈ റിസർച്ച് പാർക്കിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
KSUM എവിടെ?
അതേസമയം, 2026-27 ലെ പുതുക്കിയ കേരള ബജറ്റ് സ്റ്റാർട്ടപ്പുകളെയും കേരള സ്റ്റാർട്ടപ്പ് മിഷനെയും (KSUM) സംബന്ധിച്ച് ചില സുപ്രധാന വശങ്ങളും വ്യക്തമാക്കുന്നുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പേര് ബജറ്റിൽ പൂർണ്ണമായും ഒഴിവാക്കിയെന്നതാണ് ഇതിൽ പ്രധാനം. ബജറ്റ് രേഖകളിൽ എവിടെയും ‘കേരള സ്റ്റാർട്ടപ്പ് മിഷൻ’ എന്ന് നേരിട്ട് പരാമർശിച്ചിട്ടില്ല. മുൻ ബജറ്റിൽ KSUM-നായി അനുവദിച്ചിരുന്ന 150 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഇത്തവണ പൂർണ്ണമായും അപ്രത്യക്ഷമായി.ഇൻകുബേഷൻ, MSME, ജെൻ-സി ടെക്, AI, സ്പേസ് എന്നിങ്ങനെ വിവിധ ഘടകങ്ങളായി പദ്ധതികളെ തരംതിരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കുള്ള ഈ പാക്കേജ് പ്രഖ്യാപിക്കുമ്പോൾ അതിന്റെ ഇംപ്ലിമെന്റേഷൻ ഏജൻസി സ്റ്റാർട്ടപ്പ് മിഷനാണോ എന്ന് വ്യക്തമല്ല.
നിലവിലുള്ള ഇൻകുബേഷൻ സെന്ററുകൾ നവീകരിക്കുന്നതിനും അവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടെക്നോ-മെന്റർമാരുടെയും മാനേജ്മെന്റ്-മെന്റർമാരുടെയും സഹായത്തോടെ 10,000 പുതിയ MSME സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 100 കോടി രൂപയും, AI, റോബോട്ടിക്സ്, IoT, ഡാറ്റാ സയൻസ്, വിർച്വൽ റിയാലിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ ഹബുകൾക്കുമായി 50 കോടി രൂപയും മാറ്റിവെച്ചത് ഇതിൽ പ്രധാനപ്പെട്ടവയാണ്.
ഇതിനുപുറമേ മലയാളം AI മോഡൽ വികസനത്തിനായി 10 കോടി രൂപ, റിസർച്ച് പാർക്കുകളോടും സെന്റർ ഓഫ് എക്സലൻസുകളോടും കൂടിയ ഉന്നതവിദ്യാഭ്യാസ ഹബ്ബിനായി 100 കോടി രൂപ, സ്പേസ് പാർക്ക് വികസനത്തിനും സ്വകാര്യ ബഹിരാകാശ സംരംഭങ്ങൾക്കുമായി 5 കോടി രൂപ, വ്യവസായ വിഹിതത്തിൽ ഉൾപ്പെടുത്തി 434.40 കോടി രൂപ എന്നിവയും അനുവദിച്ചിട്ടുണ്ട്. കൂടാതെ സൈബർപാർക്ക് കോഴിക്കോടിനെ ഇൻഫോപാർക്ക്/ടെക്നോപാർക്ക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവുമുണ്ട്.
CM V.D. Satheesan announces ₹50 crore for Gen-Z startups and a new Research Park in Kerala Budget 2026, while Kerala Startup Mission (KSUM) funding is missing
