റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭരണച്ചുമതലകൾ അടുത്ത തലമുറയ്ക്ക് കൈമാറുന്ന പ്രക്രിയ പൂർണ്ണതയിലേക്ക് എത്തിയതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് (AGM) തന്റെ മക്കളായ ആകാശ്, ഇഷ, അനന്ത് അംബാനി എന്നിവർ ഗ്രൂപ്പിന്റെ പ്രധാന ബിസിനസ് മേഖലകളുടെ പൂർണ്ണ ചുമതലയേറ്റെടുത്തതായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘മൂന്ന് ശരീരവും ഒരൊറ്റ ആത്മാവുമാണ്’ തന്റെ മക്കളെന്നും റിലയൻസിന്റെ ഭാവി ഇനി സുരക്ഷിതമായ കൈകളിലാണെന്നും അദ്ദേഹം ഓഹരി ഉടമകളെ അറിയിച്ചു. ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഈ നേതൃമാറ്റത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയുടെ തലപ്പത്തേക്ക് പുതിയ തലമുറ ഔദ്യോഗികമായി ചുവടുവെക്കുകയാണ്.

നിലവിൽ 34 വയസ്സുള്ള ഇരട്ടകളായ ആകാശ് അംബാനി ജിയോ ഉൾപ്പെടുന്ന ഡിജിറ്റൽ-ടെലികോം ബിസിനസിനും, ഇഷ അംബാനി റിലയൻസ് റീട്ടെയിൽ വിഭാഗത്തിനും നേതൃത്വം നൽകുമ്പോൾ, ഇളയമകനായ അനന്ത് അംബാനി (31) കമ്പനിയുടെ ഊർജ്ജ ബിസിനസിന്റെയും പുതിയ ഗ്രീൻ എനർജി പദ്ധതികളുടെയും ചുമതല വഹിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കമ്പനിയുടെ ബോർഡിൽ സജീവമായ ഇവർക്കൊപ്പം ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ മുപ്പതുകളിലും നാൽപ്പതുകളിലുമുള്ള 500 ഓളം യുവ നേതാക്കളെയും കമ്പനി ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. മുകേഷ് അംബാനി ചെയർമാനായി തുടരുമെങ്കിലും, റിലയൻസ് പരമ്പരാഗത എണ്ണക്കമ്പനിയിൽ നിന്ന് സാങ്കേതികവിദ്യയിലും ഹരിത ഊർജ്ജത്തിലും അധിഷ്ഠിതമായ ആഗോള കോർപ്പറേറ്റ് ഭീമനായി മാറുന്ന ഈ ഘട്ടത്തിൽ മക്കളുടെ നേതൃത്വത്തിലാകും ഇനി കമ്പനിയുടെ ഭാവി കുതിപ്പ്.
Mukesh Ambani says Reliance’s leadership transition is nearly complete, with Akash, Isha and Anant Ambani now leading the group’s key businesses. The next generation is set to drive Reliance’s future growth in telecom, retail and green energy.
