കമ്പ്യൂട്ടർ കോഡിംഗിലെ വിസ്മയ പ്രകടനത്തിലൂടെ കേവലം 16-ാം വയസ്സിൽ 100 കോടി രൂപ മൂല്യമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്റ്റാർട്ടപ്പ് കെട്ടിപ്പടുത്ത് ശ്രദ്ധ നേടുകയാണ് ഇന്ത്യൻ വംശജയായ പ്രാഞ്ജലി അശ്വതി. എഞ്ചിനീയറായ പിതാവിന്റെ പ്രേരണയാൽ ഏഴാം വയസ്സിൽ കമ്പ്യൂട്ടർ സയൻസിന്റെയും കോഡിംഗിന്റെയും ലോകത്തേക്ക് ചുവടുവെച്ച പ്രാഞ്ജലി, 13-ാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാണ് ഈ അസാധാരണ വിജയഗാഥയ്ക്ക് തുടക്കമിട്ടത്. ലക്ഷ്യബോധവും കഠിനാധ്വാനവുമുണ്ടെങ്കിൽ പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഈ ഇന്ത്യൻ കൗമാരക്കാരിയുടെ വിസ്മയ കുതിപ്പ്.

കുട്ടിക്കാലം മുതൽ കോഡിങ്ങിൽ ഏറെ താല്പര്യമുണ്ടായിരുന്ന ഈ മിടുക്കി 11 വയസ്സായപ്പോഴേക്കും അതിൽ പ്രാവീണ്യം നേടി. കമ്പ്യൂട്ടർ എഞ്ചിനീയറായ പിതാവിന്റെ മാർഗനിർദേശപ്രകാരമാണ് പ്രാഞ്ജലി കോഡിങ് ലോകത്തെത്തിയത്. 11-ാം വയസ്സിൽ പ്രാഞ്ജലി കുടുംബത്തിനൊപ്പം യുഎസിലെ ഫ്ലോറിഡയിലെത്തി. അവിടെ കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളും മത്സര ഗണിത പ്രോഗ്രാമുകളും പോലെയുള്ള സാധ്യതകളുടെ പുതിയൊരു ലോകമാണ് പ്രാഞ്ജലിയെ വരവേറ്റത്. ഇത് സാങ്കേതികവിദ്യയിലെ തന്റെ ഭാവിക്ക് ശക്തമായ അടിത്തറ പാകിയതായി പ്രാഞ്ജലി പറയുന്നു.
നിലവിൽ എഐ സ്റ്റാർട്ടപ്പായ ‘Delv.AI’ യുടെ സ്ഥാപകയും സിഇഒയുമാണ് പ്രാഞ്ജലി. ഗവേഷകരെ അക്കാദമിക് ഉള്ളടക്കത്തിൽ നിന്ന് ഡാറ്റ എളുപ്പത്തിൽ വേർതിരിച്ചെടുക്കാനും സംഗ്രഹിക്കാനും (Summarise) സഹായിക്കുന്ന കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 100 കോടി രൂപയാണ് (ഏകദേശം 12 മില്യൺ ഡോളർ). പ്രായം കുറവാണെങ്കിലും, പ്രാഞ്ജലി തന്റെ വിപ്ലവകരമായ പ്രവർത്തനത്തിലൂടെയും സംരംഭകത്വ മനോഭാവത്തിലൂടെയും ടെക് ലോകത്ത് ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
പതിമൂന്ന് വയസ്സുള്ളപ്പോൾ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ മെഷീൻ ലേണിംഗ് ലാബിൽ ഇന്റേൺഷിപ്പ് ആരംഭിച്ചതാണ് പ്രാഞ്ജലിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കോവിഡ് മഹാമാരിയെത്തുടർന്ന് സ്കൂൾ പഠനം ഓൺലൈനായതോടെ ആഴ്ചയിൽ 20 മണിക്കൂറോളം അവർ ലാബിൽ ചെലവഴിച്ചു. വിവര ശേഖരണം, ഗവേഷണം, അവലോകനങ്ങൾ എന്നിവയിൽ സഹായിച്ചുകൊണ്ട് അവർ റിയൽ വേൾഡ് പ്രോജക്ടുകളിൽ പങ്കാളിയായി. ഈ സമയത്താണ് OpenAI തങ്ങളുടെ ‘ChatGPT-3 ബീറ്റാ’ പതിപ്പ് പുറത്തിറക്കിയത്. ഇതിൽ പ്രാഞ്ജലി പുതിയൊരു അവസരം കണ്ടു. ജനറേറ്റീവ് എഐയ്ക്ക് എങ്ങനെ ഗവേഷണ ജോലികൾ ലളിതമാക്കാനും വേഗത്തിലാക്കാനും കഴിയുമെന്ന് മനസ്സിലാക്കിയ പ്രാഞ്ജലി, സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് എന്ന ആശയവുമായി മുന്നോട്ട് പോവുകയായിരുന്നു.
തുടർന്ന് പ്രമുഖ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ HFO-യുടെ 12 ആഴ്ചത്തെ പ്രോഗ്രാമിലേക്ക് പ്രാഞ്ജലി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനായി താൽക്കാലികമായി ഹൈസ്കൂൾ പഠനത്തിൽ നിന്ന് അവർ ലീവെടുത്തു. 15-ാം വയസ്സിൽ ‘Product Hunt’ എന്ന പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ കമ്പനിയുടെ ബീറ്റാ പതിപ്പ് പ്രാഞ്ജലി വിജയകരമായി പുറത്തിറക്കി. ഡെമോ ഡേയിൽ പ്രോജക്ട് അവതരിപ്പിച്ചതോടെ ‘On Deck’, ‘Village Global’ തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്നും പ്രാരംഭ ധനസഹായമായി 45,000 ഡോളർ സ്വന്തമാക്കാൻ പ്രാഞ്ജലിക്ക് സാധിച്ചു.
നിലവിൽ 10 പേർ അടങ്ങുന്ന ചെറിയൊരു ടീമായാണ് സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം. കോഡിംഗ്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് മുതൽ കസ്റ്റമർ സർവീസ് വരെയുള്ള ഒന്നിലധികം റോളുകൾ പ്രാഞ്ജലി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്നു. വിപണിയിൽ എഐ ഉൽപ്പന്നങ്ങളുടെ മത്സരം കഠിനമാണെങ്കിലും, ജീവിതം കൂടുതൽ ലളിതമാക്കുന്ന പുതിയ സാങ്കേതികവിദ്യകൾ തുടർന്നും വികസിപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കിയുടെ ലക്ഷ്യം.
Indian-origin teen Pranjali Awasthi makes waves in the tech world as the founder and CEO of Delv.AI, an artificial intelligence startup valued at ₹100 crore.
