ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ‘ഫ്ലൈയിംഗ് ഫ്ലീ C6’ (Flying Flea C6) ഉപഭോക്താക്കൾക്ക് കൈമാറിത്തുടങ്ങി. ബംഗളൂരുവിലാണ് വാഹനത്തിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ബ്രാൻഡിന്റെ സുപ്രധാനമായ ചുവടുവെപ്പാണിത്. നിലവിലുള്ള റോയൽ എൻഫീൽഡ് ഷോറൂമുകൾക്കുള്ളിൽ തന്നെ പ്രത്യേക സൗകര്യമൊരുക്കിയാണ് (Shop-in-shop format) പുതിയ ഇലക്ട്രിക് ബൈക്കിന്റെ വിപണനവും സർവീസും കമ്പനി നടത്തുന്നത്. കൂടാതെ, ബംഗളൂരുവിലെ ബിടിഎം ലേഔട്ടിൽ വലിയ തകരാറുകൾ പരിഹരിക്കാനുള്ള ഹബ് സർവീസ് സെന്ററും, നഗരത്തിലുടനീളം ചെറുകിട സർവീസ് പോയിന്റുകളും കമ്പനി സജ്ജമാക്കിയിട്ടുണ്ട്. സുഗമമായ യാത്ര ഉറപ്പാക്കാൻ 24 മണിക്കൂറും ലഭ്യമാകുന്ന റോഡ് സൈഡ് അസിസ്റ്റൻസും ഉപഭോക്താക്കൾക്ക് ലഭിക്കും.

2.79 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) ഈ ഇലക്ട്രിക് ബൈക്കിന്റെ പ്രാരംഭ വില. എന്നാൽ, പ്രാരംഭ നിക്ഷേപം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ബാറ്ററി-ആസ്-എ-സർവീസ്’ (Battery-as-a-Service) പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 1.99 ലക്ഷം രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാം, ബാറ്ററിയുടെ തുക പിന്നീട് പ്രത്യേകമായി നൽകിയാൽ മതിയാകും. 3.91 kWh ബാറ്ററി പാക്കറ്റുമായി എത്തുന്ന ബൈക്കിന് ഒറ്റ ചാർജിൽ 154 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 3.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 115 കിലോമീറ്ററാണ്. 124 കിലോഗ്രാം മാത്രം ഭാരമുള്ള ഫ്ലൈയിംഗ് ഫ്ലീ C6-ൽ 3.5 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേ, അഞ്ച് റൈഡിംഗ് മോഡുകൾ, ഡ്യുവൽ ചാനൽ എബിഎസ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Royal Enfield-inte aadya electric motorcycle aaya Flying Flea C6-inte vitharanam Bengaluru-vil aarambhichu. 154 km range-ulla ee bike-inte vila, features ennivayariyaam
