ഇന്ത്യൻ വിഭജനത്തിന്റെ കടുത്ത പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം വിമാനങ്ങൾ അഭയാർത്ഥി രക്ഷാപ്രവർത്തനത്തിനായി വിട്ടുനൽകുകയും, രാജ്യത്തിന്റെ ശാസ്ത്ര-വിദ്യാഭ്യാസ പുരോഗതിക്കായി തന്റെ സമ്പാദ്യമെല്ലാം ദാനം ചെയ്യുകയും ചെയ്ത തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയും പത്മഭൂഷൺ ജേതാവുമാണ് ഡോ. ആർ.എം. അളഗപ്പ ചെട്ടിയാർ. 1947ൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ ദശലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായ ദുരന്ത മുഖത്തേക്ക് തന്റെ ‘ജൂപ്പിറ്റർ എയർവേസ്’ എന്ന സ്വകാര്യ എയർലൈൻ കമ്പനിയെ അദ്ദേഹം നിയോഗിക്കുകയായിരുന്നു.

ലാഭേച്ഛയില്ലാതെ പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിമാനങ്ങൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥികളെ സുരക്ഷിതമായി എത്തിക്കുന്നതിനൊപ്പം, ഇന്ത്യൻ സൈനികരെയും ആവശ്യസാധനങ്ങളെയും യുദ്ധമുഖങ്ങളിൽ എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. കേവലം 48 വയസ്സ് വരെ മാത്രം ജീവിച്ചിരുന്ന അദ്ദേഹം, ലണ്ടനിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടിയ നിയമ ബിരുദധാരി കൂടിയായിരുന്നു.
വിദ്യാഭ്യാസപരവും ശാസ്ത്രീയവുമായ വികസനമാണ് രാജ്യത്തിന്റെ വളർച്ചയ്ക്ക് ആവശ്യമെന്ന് വിശ്വസിച്ച അദ്ദേഹം കാരൈക്കുടിയിൽ സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CECRI) സ്ഥാപിക്കുന്നതിനായി 300 ഏക്കർ ഭൂമിയും 15 ലക്ഷം രൂപയും കേന്ദ്ര സർക്കാരിന് സംഭാവനയായി നൽകി. ഇതിനുപുറമെ ചെന്നൈ എസി ടെക് കോളേജ്, അളഗപ്പ സർവകലാശാല ഉൾപ്പെടെ നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം പടുത്തുയർത്തി.
സ്കൂൾ വിദ്യാർത്ഥികൾക്ക് അദ്ദേഹം കാരൈക്കുടിയിൽ ആരംഭിച്ച സൗജന്യ ഉച്ചഭക്ഷണ പദ്ധതിയാണ് പിന്നീട് തമിഴ്‌നാട്ടിലെ വിപ്ലവകരമായ ഉച്ചഭക്ഷണ പദ്ധതിക്ക് കെ. കാമരാജിന് പ്രചോദനമായത്. അദ്ദേഹത്തിന്റെ ഈ ജനസേവന പ്രവർത്തനങ്ങളെ മുൻനിർത്തി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അദ്ദേഹത്തെ ‘സോഷ്യലിസ്റ്റ് കാപ്പിറ്റലിസ്റ്റ്’ എന്ന് വിശേഷിപ്പിച്ചു. 1957-ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നൽകി ആദരിക്കുകയും ചെയ്തു.
Discover the inspiring life of Dr R M Alagappa Chettiar, who used his airline for Partition relief, donated 300 acres for CECRI, and shaped India’s education and industrial development legacy
