വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആയിരാമത് കപ്പലെത്തി. എംഎസ്‌സി ലൂസിയാന (MSC Luciana) എന്ന ഭീമൻ വാണിജ്യ കപ്പലാണ് ഈ ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖത്തെത്തിയത്. ഇതോടെ ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി അതിവേഗം വളരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തങ്ങളുടെ വിജയയാത്രയിൽ മറ്റൊരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. വാണിജ്യ സർവീസുകൾ ആരംഭിച്ച് രണ്ട് വർഷം തികയുന്നതിന് മുൻപ് തന്നെ 1,000 കപ്പലുകൾ എന്ന നാഴികക്കല്ല് പിന്നിട്ടതോടെ, ലോകത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറി.

2024 ജൂലൈ 11ന് മെർസ്ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എന്ന ആദ്യ വാണിജ്യ കപ്പലിനെ വരവേറ്റതു മുതലാണ് വിഴിഞ്ഞത്തിന്റെ അമ്പരപ്പിക്കുന്ന ഈ വളർച്ചയുടെ തുടക്കം. 2024 ജൂലൈയിൽ കപ്പലുകൾ എത്തിത്തുടങ്ങിയെങ്കിലും, വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ്ണതോതിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായത് 2024 ഡിസംബർ 3നായിരുന്നു. ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ 1,000 കപ്പലുകൾ എന്ന ചരിത്ര നേട്ടം കൈവരിക്കാനായത് അന്താരാഷ്ട്ര കപ്പൽചാലുകളിൽ വിഴിഞ്ഞത്തിനുള്ള വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയാണ് അടിവരയിടുന്നത്. ഇന്ത്യയുടെ സമുദ്ര-ട്രാൻസ്ഷിപ്പ്മെന്റ് ശേഷി ശക്തിപ്പെടുത്തുന്നതിൽ വിഴിഞ്ഞം വഹിക്കുന്ന തന്ത്രപ്രധാനമായ പങ്ക് തെളിയിക്കുന്നതാണ് ഈ അഭിമാന നിമിഷം.
Vizhinjam Port 1000th vessel, MSC Luciana Vizhinjam, Vizhinjam International Seaport milestone, San Fernando Maersk Vizhinjam, Adani Vizhinjam Port, Kerala transshipment hub, maritime news India
