ഇന്ത്യൻ സർക്കാർ പത്മ പുരസ്കാരം നൽകി ആദരിച്ച ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിയുടെ ജീവിതം വലിയ പ്രചോദനം. വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ദേശീയ സുരക്ഷാ മേഖലകൾ എന്നിവയിലെ ഈ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് അദ്ദേഹത്തെ രാജ്യം പ്രശസ്തമായ പത്മ പുരസ്കാരം നൽകി ആദരിച്ചത്. 1985ൽ കെമിസ്ട്രി പരീക്ഷയിൽ ഒറ്റയക്ക മാർക്ക് മാത്രം നേടി പരാജയപ്പെട്ട ചരിത്രം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കാലത്ത് ജെഇഇ പരീക്ഷ കടന്നുകൂടാൻ ബുദ്ധിമുട്ടിയ അദ്ദേഹം പിന്നീട് അതേ പരീക്ഷയുടെ ചെയർമാനായി മാറി എന്നതും ശ്രദ്ധേയമാണ്. പരാജയം എന്നത് ജീവിതത്തിന്റെ അവസാനമല്ലെന്നും, മറിച്ച് പഠിക്കാനും മുന്നേറാനുമുള്ള മികച്ച അവസരമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ എംഎസ്, പിഎച്ച്ഡി ബിരുദങ്ങൾ നേടിയ വി. കാമകോടി, 2001ലാണ് ഐഐടി മദ്രാസിൽ ഫാക്കൽറ്റിയായി സേവനമാരംഭിക്കുന്നത്. കമ്പ്യൂട്ടർ ആർക്കിടെക്ചർ, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിൽ വിദഗ്ധനായ അദ്ദേഹം വിവിധ അക്കാദമിക്-ഭരണപരമായ ചുമതലകൾ വഹിച്ച ശേഷം 2022 ജനുവരിയിൽ ഐഐടി മദ്രാസിന്റെ ഡയറക്ടറായി ചുമതലയേറ്റു. ജെഇഇ പരീക്ഷാ ചെയർമാനായും, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ മൈക്രോപ്രൊസസ്സർ വികസന പദ്ധതിയുടെ തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ജേണലുകളിൽ 150-ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ്, ആർബിഐ സാങ്കേതിക സമിതി എന്നിവയിലും അംഗമായിരുന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടാസ്‌ക് ഫോഴ്‌സ് ചെയർമാനായിരുന്ന അദ്ദേഹം ഇന്ത്യയുടെ തദ്ദേശീയ സാങ്കേതിക വികസനത്തിന് മികച്ച സംഭാവനകൾ നൽകി.
Read the inspiring story of IIT Madras Director V. Kamakoti, who overcame early academic failures to lead India’s top institute and win the prestigious Padma Award.
