വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടി അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും (APSEZ) പ്രമുഖ ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സി ഗ്രൂപ്പും തമ്മിൽ നിർണായക പങ്കാളിത്തം. കരാർ പ്രകാരം എംഎസ്‌സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (TiL), വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ സ്വന്തമാക്കും. ആകെ 2.85 ബില്യൺ യുഎസ് ഡോളർ (ഏകദേശം 23,800 കോടി രൂപ) മൂല്യം കണക്കാക്കുന്ന ഈ വൻ ഇടപാടിൽ, തങ്ങളുടെ ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായി 1.397 ബില്യൺ യുഎസ് ഡോളറാണ് ടിഐഎൽ നിക്ഷേപിക്കുന്നത്. ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഏറ്റവും വലിയ ഒറ്റത്തവണ വിദേശ സ്വകാര്യ നിക്ഷേപമാണിത്. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലെ വിജയകരമായ സംയുക്ത സംരംഭങ്ങൾക്ക് ശേഷം അദാനി പോർട്സും എംഎസ്‌സിയും തമ്മിലുള്ള മൂന്നാമത്തെ വലിയ സഹകരണമാണിത്.

നിലവിൽ 1.6 ദശലക്ഷം ടിഇയു ശേഷിയുള്ള വിഴിഞ്ഞം തുറമുഖം, ഈ തന്ത്രപ്രധാന കൂട്ടായ്മയിലൂടെ വലിയ തോതിൽ ചരക്കുനീക്കം വർദ്ധിപ്പിക്കാനും കൂടുതൽ വിപണികളിലേക്ക് വേഗത്തിൽ വളരാനും ലക്ഷ്യമിടുന്നു. 2028 ഡിസംബറോടെ തുറമുഖത്തിന്റെ ശേഷി 3.5 മടങ്ങ് വർദ്ധിപ്പിച്ച് 5.7 ദശലക്ഷം ടിഇയു ആക്കി ഉയർത്താനുള്ള വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2024 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 2 ദശലക്ഷം ടിഇയു ചരക്കുനീക്കം നടത്തി വിഴിഞ്ഞം ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അന്താരാഷ്ട്ര കപ്പൽ ചാലുകളോട് ചേർന്നുള്ള വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും അത്യാധുനിക എഐ സാങ്കേതികവിദ്യകളും കോർത്തിണക്കിയുള്ള ഈ പുതിയ പങ്കാളിത്തം, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞത്തെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adani Ports partners with MSC Group’s TiL for a historic $1.397 billion foreign investment in Vizhinjam Port, acquiring a 49% stake to boost TEU capacity
