ഖനന-ലോഹ സംസ്കരണ (mining and metallurgy) മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് (FDI) ഒഡീഷ സാക്ഷ്യം വഹിക്കുന്നു. പ്രമുഖ ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ അദാനി എന്റർപ്രൈസസും (AEL), അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ റിസോഴ്സസ് ഹോൾഡിംഗും (IRH) ചേർന്ന് ഒഡീഷയിലാണ് വൻകിട അലുമിനിയം പദ്ധതി ആരംഭിക്കുന്നത്. 11.5 ബില്യൺ ഡോളർ (ഏകദേശം 1.08 ലക്ഷം കോടി രൂപ) നിക്ഷേപമുള്ള ഈ സംയുക്ത സംരംഭത്തിനായുള്ള കരാറിൽ അദാനി ഗ്രൂപ്പും ഐആർഎച്ചും ഒഡീഷ സർക്കാരുമായി ഒപ്പുവെച്ചു.

യുഎഇയിലെ പ്രമുഖ കമ്പനിയായ ഐഎച്ച്സി ഗ്രൂപ്പിന്റെ (IHC Group) ഉപകമ്പനിയാണ് ഇന്റർനാഷണൽ റിസോഴ്സസ് ഹോൾഡിംഗ് (IRH). അദാനി എന്റർപ്രൈസസും ഐആർഎച്ചും 50:50 അനുപാതത്തിലുള്ള പങ്കാളിത്തത്തോടെയാണ് (Joint Venture) ഈ മെഗാ പ്രൊജക്ട് നടപ്പിലാക്കുന്നത്. ഒഡീഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ നിക്ഷേപ നിർദ്ദേശമാണിത്.
ഒഡീഷയെ വെറുമൊരു അസംസ്‌കൃത വസ്തു വിതരണക്കാരനിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഉൽപ്പാദന കേന്ദ്രമായി മാറ്റാൻ ഈ സംരംഭം സഹായിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രത്യാശ പ്രകടിപ്പിച്ചു. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഒഡീഷയുടെ സമ്പദ്‌വ്യവസ്ഥയിൽ അഭൂതപൂർവമായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. 4 ദശലക്ഷം ടൺ വാർഷിക ശേഷിയുള്ള അലുമിന റിഫൈനറി, 2 ദശലക്ഷം ടൺ ശേഷിയുള്ള അലുമിനിയം സ്മെൽറ്റർ, 4,000 മെഗാവാട്ട് വൈദ്യുതി പ്ലാന്റ്, എന്നിവയുൾപ്പെടെ സമ്പൂർണ്ണ അലുമിനിയം മൂല്യശൃംഖല ഒരൊറ്റ വ്യവസ്ഥിതിയിൽ ഒരുക്കുന്നതാണ് ഈ പദ്ധതി. നിർമ്മാണ വേളയിലും പ്രവർത്തന ഘട്ടത്തിലുമായി ഏകദേശം 53,500 പേർക്ക് ഈ പ്രൊജക്റ്റ് വഴി തൊഴിൽ ലഭിക്കും.
ഈ പദ്ധതി ഒഡീഷയുടെ വ്യവസായ ഭാവിയുടെ ശക്തമായ അടിത്തറയാണെന്ന് ചടങ്ങിൽ സംസാരിച്ച അദാനി പോർട്സ് ആൻഡ് സെസ് (APSEZ) മാനേജിംഗ് ഡയറക്ടറും അദാനി സിമന്റ് ഡയറക്ടറുമായ കരൺ അദാനി വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി ഒഡീഷയെ കിഴക്കൻ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ ഹൃദയമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഒഡീഷയുടെ വ്യവസായ വികസന കോർപ്പറേഷനുമായി (IPICOL) കമ്പനികൾ കരാറിലെത്തിയത്. അദാനി എൻ്റർപ്രൈസസും ഐ.എച്ച്.സി ഗ്രൂപ്പിന്റെ കീഴിലുള്ള ഇൻ്റർനാഷണൽ റിസോഴ്സസ് ഹോൾഡിംഗും (IRH) 50:50 പങ്കാളിത്തത്തോടെയാണ് ഈ സംയുക്ത സംരംഭം നടപ്പിലാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഇതെന്ന് വ്യക്തമാക്കിയ കരൺ അദാനി, ഒഡീഷയിലെ ജനങ്ങളുടെ പുരോഗതിക്കും പ്രാദേശിക ചെറുകിട വ്യവസായങ്ങളുടെ വളർച്ചയ്ക്കുമായാണ് ഈ പ്രൊജക്റ്റ് സമർപ്പിക്കുന്നതെന്നും പ്രഖ്യാപിച്ചു. ഐ.എച്ച്.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സയ്യിദ് ബസർ ഷുഐബും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
Adani Enterprises and UAE’s IRH (IHC Group) sign a historic ₹1.1 lakh crore ($11.5B) deal with the Odisha government for a massive aluminum project, marking India’s largest mining and metallurgy FDI.
