പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ സംഭരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയുടെ അത്യാധുനിക സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ‘ബ്രഹ്മോസ്’ വാങ്ങാൻ യുഎഇ താല്പര്യം പ്രകടിപ്പിച്ചതായും ഇരുരാജ്യങ്ങളും തമ്മിൽ ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും റിപ്പോർട്ട്. ബ്രഹ്മോസിന് പുറമെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വികസിപ്പിച്ച ‘ആകാശതീർ’ വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്ന കാര്യവും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രാഥമിക ചർച്ചകളുടെ പരിഗണനയിലുണ്ട്.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച, ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസ് യുഎഇക്ക് കൈമാറുന്നതിന് റഷ്യയുടെ അനുമതി കൂടി ആവശ്യമാണ്. നിലവിൽ ഫിലിപ്പീൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ബ്രഹ്മോസ് കരാറുകൾ ഉറപ്പിച്ച ഇന്ത്യക്ക്, യുഎഇയുമായുള്ള ഈ പുതിയ പ്രതിരോധ സഹകരണം ആഗോള ആയുധ വിപണിയിൽ വലിയൊരു ചുവടുവെപ്പായി മാറും.
India and the UAE are in advanced defense talks for the sale of BrahMos supersonic cruise missiles and the Akashteer air defense system to boost Middle East security.
