യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ദേശീയ യാത്രാ ട്രെയിൻ സർവീസായ ‘ഇത്തിഹാദ് റെയിൽ’ പ്രവർത്തനമാരംഭിച്ചു. ആദ്യഘട്ട സർവീസിൽ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനും ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനും തമ്മിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. റോഡ് മാർഗ്ഗമുള്ള യാത്രയേക്കാൾ വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ ഈ ട്രെയിൻ സർവീസ് വഴി അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് വെറും ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരാനാകും. വരും മാസങ്ങളിൽ ദുബായ്, ഷാർജ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ പ്രതിവർഷം 3.65 കോടിയിലധികം യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ രണ്ട് ദിശകളിലേക്കുമായി ദിവസേന മൂന്ന് സർവീസുകളാണ് ഇത്തിഹാദ് റെയിൽ ക്രമീകരിച്ചിരിക്കുന്നത്. ഫുജൈറയിൽ നിന്ന് രാവിലെ 5:34, 10:59, വൈകുന്നേരം 5:28 എന്നീ സമയങ്ങളിലും, അബുദാബിയിൽ നിന്ന് രാവിലെ 8:19, ഉച്ചയ്ക്ക് 1:53, വൈകുന്നേരം 6:39 എന്നീ സമയങ്ങളിലുമാണ് ട്രെയിനുകൾ പുറപ്പെടുന്നത്. യാത്രക്കാർക്കായി രണ്ട് തരം ക്ലാസുകളാണ് ലഭ്യമാക്കിയിട്ടുള്ളത്; ‘കംഫർട്ട് ക്ലാസിന്’ 55 ദിർഹവും (ഏകദേശം 1,400 രൂപ), ‘പ്രീമിയം ക്ലാസിന്’ 120 ദിർഹവുമാണ് (ഏകദേശം 3,100 രൂപ) ടിക്കറ്റ് നിരക്ക്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും സാധിക്കും.
UAE launches its first national passenger train service, Etihad Rail. Check out the ticket prices, timings, and travel schedule between Abu Dhabi and Fujairah
