വാട്സാപ്പിൽ ഫോൺ നമ്പറുകൾക്ക് പകരം ‘യൂസർനെയിം’ ഉപയോഗിക്കാനുള്ള പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട ആശങ്കകളിൽ മറുപടി നൽകാൻ മെറ്റയ്ക്ക് (Meta) കേന്ദ്ര സർക്കാർ മൂന്ന് ദിവസം കൂടി സമയം അനുവദിച്ചു. ജൂലൈ 6-നകം മറുപടി നൽകണമെന്നായിരുന്നു കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം (MeitY) നേരത്തെ ആവശ്യപ്പെട്ടിരുന്നതെങ്കിലും, മെറ്റാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഈ കാലാവധി ജൂലൈ 9 വരെ നീട്ടുകയായിരുന്നു. കേന്ദ്ര മന്ത്രാലയത്തിന്റെ കൃത്യമായ അനുമതി ലഭിക്കുന്നതുവരെ ഇന്ത്യയിൽ ഈ ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കില്ലെന്ന് മെറ്റാ അറിയിച്ചിട്ടുണ്ട്. സമാനമായ നോട്ടീസുകൾ ടെലിഗ്രാം, സിഗ്നൽ എന്നീ പ്ലാറ്റ്ഫോമുകൾക്കും അയച്ചിട്ടുള്ളതിനാൽ എല്ലാ കേസുകളിലും ഒരേസമയം നടപടികൾ സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഫോൺ നമ്പർ വെളിപ്പെടുത്താതെ പരസ്പരം സന്ദേശങ്ങൾ അയക്കാൻ സഹായിക്കുന്നതാണ് വാട്സാപ്പിന്റെ പുതിയ യൂസർനെയിം സംവിധാനം. എന്നാൽ, ഈ ഫീച്ചർ വരുന്നതോടെ തട്ടിപ്പുകാരെയും വ്യാജ അക്കൗണ്ടുകളെയും കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ഡിജിറ്റൽ അറസ്റ്റ്, ഫിഷിംഗ് തുടങ്ങിയ സൈബർ തട്ടിപ്പുകൾ വർദ്ധിക്കുമെന്നും സർക്കാർ ആശങ്കപ്പെടുന്നു. ഐടി നിയമവും 2021-ലെ ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിന് മെറ്റയ്ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുത് എന്ന് വിശദീകരിക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇൻസ്റ്റാഗ്രാമിലെ ചില നിയമവിരുദ്ധ പരസ്യങ്ങളുമായി ബന്ധപ്പെട്ട് മെറ്റയോട് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരണം തേടിയിട്ടുമുണ്ട്.
WhatsApp username feature, Meta India government notice, MeitY WhatsApp row, cyber fraud digital arrest, IT Act 2021 India, Ashwini Vaishnaw Meta, Telegram Signal username notice, WhatsApp privacy feature India
