വിദൂര ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ളേശത്തിന് പരിഹാരവും ഗ്രാമീണ വനിതാ സംരംഭങ്ങള്‍ക്ക് കരുത്തുമായി ‘ആജീവിക ഗ്രാമീണ്‍ എക്സ്പ്രസ് യോജന’ പദ്ധതിയുമായി  കുടുംബശ്രീ. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനൊപ്പം ഗ്രാമീണ ജനങ്ങളുടെ ദൈനംദിന ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് ആജീവിക ഗ്രാമീണ്‍ എക്സ്പ്രസ് യോജന AGEY. കുടുംബശ്രീ സംരംഭകര്‍ക്ക് വ്യക്തിഗത സംരംഭ മാതൃകയിലും വാഹനം വാങ്ങുന്നതിനുളള സാമ്പത്തിക പിന്തുണയും വരുമാനലഭ്യതയും ഉറപ്പു വരുത്തുന്നതാണ് പദ്ധതി  


കുടുംബശ്രീ സി.ഡി.എസുകള്‍ക്കും കൂടാതെ അയല്‍ക്കൂട്ട അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക്  വ്യക്തിഗത, സംരംഭ മാതൃകയിൽ വാഹനം വാങ്ങുന്നതിനുളള സാമ്പത്തിക പിന്തുണയും വരുമാനലഭ്യതയും ഉറപ്പു വരുത്തുന്നതാണ് പദ്ധതി. അയല്‍ക്കൂട്ട കുടുംബാംഗത്തിനും പദ്ധതി ഗുണഭോക്താവാകാം. വാഹന സൗകര്യം തീര്‍ത്തും പരിമിതമായ ഗ്രാമമേഖലകളില്‍ കഴിയുന്ന കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ മറ്റുവിപണികളില്‍ എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കുക, പൊതുഗതാഗത സൗകര്യം തീര്‍ത്തും കുറവായ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന ഗതാഗത പരിമിതികള്‍ പരിഹരിക്കുക, കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് ഒരു വരുമാനോപാധി ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  

നേരത്തെ 15 ബ്ളോക്കുകളില്‍ പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 10 ബ്ളോക്കുകളില്‍ കൂടി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ ഇടുക്കി, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, വയനാട് ജില്ലയിലെ  പനമരം എന്നീ ബ്ളോക്കുകളില്‍ പദ്ധതി ആരംഭിച്ചു. പറക്കോട്(പത്തനംതിട്ട), പറവൂര്‍(എറണാകുളം), തൃത്താല, അട്ടപ്പാടി (പാലക്കാട്), കുറ്റിപ്പുറം, വണ്ടൂര്‍ (മലപ്പുറം), മാനന്തവാടി(വയനാട്) എന്നിവിടങ്ങളില്‍ ഉടന്‍ പദ്ധതി ആരംഭിക്കും.

 വാഹനം വാങ്ങുന്നതിന്‍റെ ആവശ്യകത, ഉപയോഗം എന്നിവ ഉള്‍പ്പെടുന്ന വിശദമായ ബിസിനസ് പ്ളാനിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാമിഷന്‍ സി.ഡി.എസുകളെ തിരഞ്ഞെടുക്കുക. തുടര്‍ന്ന് സംസ്ഥാനമിഷന്‍ പ്രൊപ്പോസല്‍ പരിശോധിച്ച് അനുമതി നല്‍കും. വാഹനം വാങ്ങുന്നതിനായി സി.ഡി.എസുകള്‍ക്ക് 8.5 ലക്ഷം രൂപയും, അംഗത്വമെടുത്ത് കുറഞ്ഞത് ഒരു വര്‍ഷമങ്കിലും പൂര്‍ത്തിയായ അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് 6.5 ലക്ഷം രൂപ വീതവും പലിശരഹിത വായ്പയായി ലഭിക്കും. പുതിയ വാഹനം വാങ്ങുന്നതിനു മാത്രമാണ് ധനസഹായം ലഭ്യമാവുക. ആറ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. വാഹനത്തിന്‍റെ വില അനുവദിച്ച തുകയേക്കാള്‍ കൂടുതലാണെങ്കില്‍ അത് ബാങ്ക് വായ്പ മുഖേന കണ്ടെത്തണം.  വാങ്ങുന്ന വാഹനം സ്വന്തമായി സര്‍വീസ് നടത്താനോ വാടകയ്ക്ക് നല്‍കുകയോ ചെയ്യാം. സി.ഡി.എസുകള്‍ക്ക് വായ്പാ തിരിച്ചടവ് പൂര്‍ത്തിയായ ശേഷം ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സി.ഡി.എസിന്‍റെ തനതു വരുമാനമായി വിനിയോഗിക്കാനും കഴിയും.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനൊപ്പം ഗ്രാമീണ ജനങ്ങളുടെ ദൈനംദിന ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് ആജീവിക ഗ്രാമീണ്‍ എക്സ്പ്രസ് യോജന. കുടുംബശ്രീ സംരംഭകര്‍ക്ക് വിപണി വിപുലീകരിക്കാനും ഗ്രാമീണ മേഖലയിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്താനും  ഈ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ. ഭാവിയില്‍ കൂടുതല്‍ ബ്ളോക്കുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ച് കൂടുതല്‍ വനിതകള്‍ക്ക് സംരംഭ-തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടത്തിപ്പ്. കേരളത്തില്‍ കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഗ്രാമീണ ഗതാഗത സേവനവും വനിതാ സംരംഭകരുടെ ഉപജീവനവും സി.ഡി.എസുകളുടെ വരുമാന വര്‍ധനവും ഒരു പോലെ സാധ്യമാക്കുന്ന പദ്ധതി സംസ്ഥാനത്തിന് മാതൃകയായി മാറുമെന്നാണ് പ്രതീക്ഷ.

Under the Aajeevika Grameen Express Yojana (AGEY), Kudumbashree provides interest-free vehicle loans up to 8.5 lakhs to solve rural transport issues and boost women’s enterprises in Kerala.

Share.
Leave A Reply

Exit mobile version