കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിസിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്റ്റാർട്ടപ്പായ ‘സ്കൈലാർക്ക് ലാബ്സ്’ (Skylark Labs), പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 100 മില്യൺ മുതൽ 150 മില്യൺ ഡോളർ വരെ സമാഹരിക്കാനുള്ള ചർച്ചകളിലേക്ക്. റോബോട്ടുകൾ, ഡ്രോണുകൾ, സ്വയം ഡ്രൈവിംഗ് വാഹനങ്ങൾ എന്നിവയിൽ ഘടിപ്പിക്കാൻ കഴിയുന്ന അത്യാധുനിക self-learning AI സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിക്കുന്നത്.

പ്രതിരോധം, അതിർത്തി സുരക്ഷ, പൊതുസമൂഹം തുടങ്ങിയ മേഖലകൾ ലക്ഷ്യമിട്ടാണ് ഈ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. നിലവിൽ പ്ലാൻ ചെയ്ത ഫണ്ടിംഗിന്റെ 70 ശതമാനത്തോളം ഇതിനകം തന്നെ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ഡോ. അമർജോത് സിംഗ് വ്യക്തമാക്കി. ബോമ്മി ക്യാപിറ്റൽ (Bommie Capital), റൈസ്ബെർഗ് (Riceberg), സിംഫണി വെഞ്ചേഴ്സ് (Symphony Ventures), കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് (Cushman & Wakefield) തുടങ്ങിയ പ്രമുഖ നിക്ഷേപകർ ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഫണ്ടിംഗ് റൗണ്ട് വിജയകരമായി പൂർത്തിയായാൽ, ഒരു ബില്യൺ ഡോളറിലധികം മൂല്യത്തോടെ സ്കൈലാർക്ക് ലാബ്സ് ലോകത്തിലെ ഏറ്റവും പുതിയ യൂണികോൺ കമ്പനികളുടെ നിരയിലേക്ക് ഉയരും. ഈ വർഷം ഏപ്രിലിൽ 250 മില്യൺ ഡോളർ മൂല്യത്തിൽ കമ്പനി 6 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. പ്രതിരോധ രംഗത്തും സുരക്ഷാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കമ്പനിയുടെ ഈ മുന്നേറ്റം ആഗോള തലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
California-based Physical AI startup Skylark Labs is in talks to raise up to $150 million, aiming for a valuation over $1 billion to attain unicorn status
