ഓണക്കാലത്തിനായുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലേക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പും സപ്ലൈകോയും. ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ഉത്സവ സീസണിൽ അരി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി, സർക്കാർ 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും വിപണിയിലെത്തിക്കും. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും. ആഗസ്റ്റ് 25 നകം വിതരണം പൂർത്തിയാക്കും. എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8ന് ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 ജില്ലകളിൽ ഓഗസ്റ്റ് 16 മുതൽ 25 വരെ ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. ഓണത്തിന് മുന്നോടിയായുള്ള അവസാന ആറു ദിവസങ്ങളിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകളും നടക്കും. ജനങ്ങൾക്ക് ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളും ഫെയറുകളുടെ ഭാഗമാകും.
The Kerala government sanctions ₹53 crore for free Onam kits to AAY cardholders and welfare residents, ensuring subsidized essential goods and Supplyco trade fairs.