ഉപയോക്താക്കൾക്കായി പുതിയ ആധാർ അധിഷ്ഠിത ഐഡന്റിറ്റി വെരിഫിക്കേഷൻ ഫീച്ചർ അവതരിപ്പിച്ച് സേവനാധിഷ്ഠിത സോഫ്റ്റ്വെയർ രംഗത്തെ പ്രമുഖരായ സോഹോയുടെ (Zoho) തദ്ദേശീയ മെസ്സേജിങ് ആപ്പായ ‘അറട്ടായ്’ (Arattai). വ്യാജ അക്കൗണ്ടുകളും ഡിജിറ്റൽ തട്ടിപ്പുകളും ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്ക് സ്വമേധയാ തിരഞ്ഞെടുക്കാവുന്ന ഈ സുരക്ഷാ സംവിധാനം കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ഈ ഓപ്ഷണൽ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ, വെരിഫൈ ചെയ്ത അക്കൗണ്ടുകളിൽ നിന്ന് മാത്രം സന്ദേശങ്ങൾ സ്വീകരിച്ച് ഉപയോക്താക്കൾക്ക് അനാവശ്യ സ്പാമുകളെ പൂർണ്ണമായും തടയാൻ സാധിക്കും.

ആധാർ വിവരങ്ങൾ സുരക്ഷിതമായി ഉപയോഗിച്ച് ഐഡന്റിറ്റി പരിശോധന നടത്തുമ്പോഴും, ഉപയോക്താക്കളുടെ യാതൊരുവിധ വിവരങ്ങളും തങ്ങളുടെ പ്ലാറ്റ്ഫോമിൽ സൂക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ, ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന ഈ പുതിയ സംവിധാനം ഉപയോക്താക്കളുടെ സ്വകാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ ആപ്പ്, നിലവിൽ പത്തോളം ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്.
Zoho’s Indian messaging app Arattai introduces an optional Aadhaar-based identity verification feature to curb fake accounts, digital fraud, and spam messages.
