ഡൽഹി ജന്തർമന്തറിൽ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത വീഡിയോകൾ വ്യാപകമായി പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ (Meta) ഇന്ത്യാ മേധാവിക്കെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തവർക്കെതിരെയും മെറ്റാ ഇന്ത്യ മേധാവിയെ പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം രണ്ട് വ്യത്യസ്ത കേസുകളാണ് പൊലീസ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Hyderabad Police Case Meta India Head PM Modi Morphed Video

രജിസ്റ്റർ ചെയ്ത കേസുകളെക്കുറിച്ചും പരാതിക്കാർ ചൂണ്ടിക്കാണിച്ച ആക്ഷേപകരമായ ലിങ്കുകളെക്കുറിച്ചും വ്യക്തമാക്കി മെറ്റായ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇതിനുപുറമെ, ജന്തർമന്തറിലെ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയെന്നാരോപിച്ച് നോയിഡ സ്വദേശിയായ ഒരു സ്ത്രീക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഭരണഘടനാ പദവിയെ അപമാനിച്ചു, പൊതുസമാധാനം തകർക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത പ്രകാരമാണ് ഇവർക്കെതിരെ നോയിഡ പൊലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share.

Comments are closed.

Exit mobile version