മനുഷ്യന്റെ ചുവടുകളിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്രത്യേക ഷൂസുകൾ വികസിപ്പിച്ചെടുത്ത് ശ്രദ്ധേയനാവുകയാണ് ഫിലിപ്പീൻസുകാരനായ പതിനഞ്ചുകാരൻ ആഞ്ചലോ കാസിമിറോ. ആളുകൾ നടക്കുമ്പോഴും ഓടുമ്പോഴും കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോഴുമുള്ള ഫൂട് സ്റ്റെപ്പുകളെ ഉപയോഗപ്രദമായ വൈദ്യുതിയാക്കി മാറ്റാമെന്ന ചിന്തയാണ് ഈ കുഞ്ഞു ശാസ്ത്രജ്ഞനെ പുതിയ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ഷൂസിന്റെ ഇൻസോളുകളിൽ അമർത്തുമ്പോൾ ഉണ്ടാകുന്ന മർദ്ദത്തെ വൈദ്യുതിയാക്കി മാറ്റുന്ന ‘പീസോഇലക്ട്രിക്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആഞ്ചലോ ഈ ഷൂസുകൾ രൂപകൽപ്പന ചെയ്തത്.

ഏകദേശം എട്ട് മണിക്കൂർ ഓടുമ്പോൾ 400 mAh ശേഷിയുള്ള ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ആഞ്ചലോ വികസിപ്പിച്ച ഷൂസുകൾക്ക് സാധിക്കും. വലിയ സ്മാർട്ട്ഫോണുകൾ പൂർണ്ണമായി ചാർജ് ചെയ്യാൻ കൂടുതൽ സമയം വേണമെങ്കിലും, പെഡോമീറ്ററുകൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് വെയറബിൾ ആരോഗ്യ നിരീക്ഷണ ഉപകരണങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ ഈ സാങ്കേതികവിദ്യ ഏറെ അനുയോജ്യമാണ്. പരമ്പരാഗത ഇന്ധന സ്രോതസ്സുകൾ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ, ദൈനംദിന പ്രവർത്തനങ്ങളിലൂടെ ഹരിത ഊർജ്ജം ഉത്പാദിപ്പിക്കാമെന്ന് തെളിയിക്കുന്ന ആഞ്ചലോയുടെ ഈ കണ്ടുപിടുത്തം പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്.
