ഒല, ഊബർ തുടങ്ങിയ സ്വകാര്യ ടാക്സി അഗ്രഗേറ്ററുകൾക്ക് പകരമായല്ല ‘ഭാരത് ടാക്സിയെന്ന്’ (Bharat Taxi) കേന്ദ്ര സർക്കാർ വ്യക്തമാക്കി. സഹകരണ മാതൃകയിലുള്ള ഈ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമിന് സർക്കാർ യാതൊരുവിധ സാമ്പത്തിക സഹായമോ ഇക്വിറ്റി പിന്തുണയോ ഇൻസെന്റീവുകളോ നൽകിയിട്ടില്ലെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി. ഡ്രൈവർമാരുടെ ഉന്നമനവും യാത്രക്കാരുടെ സുരക്ഷിതത്വവും ലക്ഷ്യമിട്ടുള്ള സഹകാർ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡ് (STCL) ഇത് പ്രവർത്തിപ്പിക്കുന്നത്.

ഡൽഹി-എൻ.സി.ആർ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാബ്, ഓട്ടോ, ബൈക്ക് വിഭാഗങ്ങളിലായി ഇതിനോടകം 8.27 ലക്ഷത്തോളം ഡ്രൈവർമാർ ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻ.സി.ഡി.സി, അമുൽ, നാഫെഡ് തുടങ്ങിയ എട്ട് ദേശീയ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവയുമായി ബന്ധിപ്പിച്ച് ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം സേവനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഡ്രൈവർമാരുടെയും വാഹനങ്ങളുടെയും കൃത്യമായ പരിശോധന, എസ്.ഒ.എസ് സംവിധാനം, യാത്രയുടെ വിവരങ്ങൾ കുടുംബാംഗങ്ങളുമായി പങ്കുവെക്കാനുള്ള സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമപ്രകാരം ഉപഭോക്താക്കളുടെ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. കൂടാതെ, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റികളുടെയും ഓഹരി ഉടമകളുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് നിരക്കുകൾ നിശ്ചയിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Union Minister Amit Shah clarified in Lok Sabha that Bharat Taxi is not aimed at replacing Ola or Uber, detailing its cooperative model and driver-centric goals.
