സമ്പന്ന രാജ്യമായി മാറുന്നതിന് മുൻപ് തന്നെ ഇന്ത്യ വലിയൊരു ജനസംഖ്യാ വ്യതിയാനത്തിന് (Demographic Shift) സാക്ഷ്യം വഹിക്കുകയാണെന്ന് റിപ്പോർട്ട്. ‘ട്രാൻസ്ഫോം റൂറൽ ഇന്ത്യ’ (TRI) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2050ഓടെ രാജ്യത്തെ അഞ്ചിലൊരാൾ (ഏകദേശം 34.7 കോടി ആളുകൾ) 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരായി മാറും. വികസിത രാജ്യങ്ങൾ സാമ്പത്തിക ഭദ്രത കൈവരിച്ച ശേഷമാണ് ഇത്തരം വാർദ്ധക്യ ഘട്ടത്തിലേക്ക് കടക്കുന്നതെങ്കിൽ, കുറഞ്ഞ വരുമാന നിരക്കിൽ നിൽക്കുമ്പോൾ തന്നെയാണ് ഇന്ത്യ ഈ അവസ്ഥ നേരിടുന്നത്. ഇതിൽ 70 ശതമാനത്തോളം വയോജനങ്ങളും ഗ്രാമപ്രദേശങ്ങളിലായിരിക്കും ജീവിക്കുക എന്നത് നിലവിലെ പരിചരണ പരിപാലന സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാകും.

ചെറിയ കുടുംബങ്ങൾ, ജോലി ആവശ്യങ്ങൾക്കായുള്ള കുടിയേറ്റം, ആയുർദൈർഘ്യത്തിലുണ്ടാകുന്ന വർദ്ധന എന്നിവ കാരണം പ്രായമായവരെ പരിപാലിച്ചിരുന്ന പരമ്പരാഗത കുടുംബ സംവിധാനങ്ങൾ കടുത്ത സമ്മർദ്ദത്തിലാണ്. 2001ൽ പ്രായമായ ഒരാളെ സംരക്ഷിക്കാൻ 8.4 മുതിർന്ന ആളുകൾ ലഭ്യമായിരുന്നെങ്കിൽ 2026ഓടെ ഇത് 5.2 ആയി കുറയും. നിലവിൽ 94 ശതമാനം പരിചരണവും കുടുംബങ്ങൾക്കുള്ളിൽ തന്നെയാണ് നടക്കുന്നത്. അതിൽത്തന്നെ വീട്ടുജോലികളും വയോജന പരിചരണവും ഉൾപ്പെടെയുള്ള വേതനമില്ലാത്ത അധ്വാനത്തിന്റെ ഭൂരിഭാഗവും (പ്രതിദിനം ശരാശരി 305 മിനിറ്റ്) സ്ത്രീകളാണ് വഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ (NCDs) വർദ്ധനവും ഈ പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നു.
നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് ഈ മാറ്റത്തെ അഭിസംബോധന ചെയ്യാൻ സാധിക്കില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനു പരിഹാരമായി ഗ്രാമപഞ്ചായത്തുകൾ, കുടുംബശ്രീ/സ്വയംസഹായ സംഘങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടികൾ, ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ എന്നിവയെ കോർത്തിണക്കിക്കൊണ്ടുള്ള ‘സമൂഹ അധിഷ്ഠിത പരിചരണ ശൃംഖല’ വികസിപ്പിക്കാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ജിഡിപിയുടെ (GDP) രണ്ട് ശതമാനം പരിചരണ മേഖലയിൽ നിക്ഷേപിച്ചാൽ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കായി ഏകദേശം 1.1 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഇത് വലിയൊരു സാമ്പത്തിക സാധ്യതയാണെന്നും പഠനം വ്യക്തമാക്കുന്നു.
By 2050, nearly 70% of India’s elderly population will reside in rural areas, according to a Transform Rural India report detailing demographic shift challenges
