ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലുള്ള ഡി.എൽ.എഫിന്റെ അൾട്രാ ലക്ഷ്വറി പദ്ധതിയായ ‘ദി ഡാഹ്ലിയാസ്’ (The Dahlias) എന്ന പ്രോജക്റ്റിൽ 271 കോടി രൂപ മുടക്കി പെന്റ്ഹൗസ് സ്വന്തമാക്കിയ മാനവ് സർദാന എന്ന വ്യവസായി ഇപ്പോൾ ദേശീയതലത്തിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിംഗിൾ-യൂണിറ്റ് റെസിഡൻഷ്യൽ ഇടപാടുകളിൽ ഒന്നായാണ് ഈ റെക്കോർഡ് പർച്ചേസ് കണക്കാക്കപ്പെടുന്നത്. ഏകദേശം 17,200 ചതുരശ്ര അടി സൂപ്പർ ഏരിയയും 10,500 ചതുരശ്ര അടി കാർപെറ്റ് ഏരിയയുമുള്ള ഈ അത്യാഢംബര വസതിക്ക് ചതുരശ്ര അടിക്ക് ഏകദേശം 2.6 ലക്ഷം രൂപയോളമാണ് വില വരുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജകുടുംബ പാരമ്പര്യമുള്ള മാനവ് സർദാന, ഇന്ത്യയിലെ ഓട്ടോമൊബൈൽ ഘടക നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ‘ഇംപീരിയൽ ഓട്ടോ ഇൻഡസ്ട്രിയുമായി’ (Imperial Auto Industries) ബന്ധപ്പെട്ടിരിക്കുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ പിതാവായ എസ്.ബി. സർദാനയും ജഗ്ജിത്ത് സിംഗും ചേർന്ന് 1969ൽ ഫരീദാബാദ് കേന്ദ്രീകരിച്ചാണ് ഈ കമ്പനി സ്ഥാപിച്ചത്. ഗ്ലോബൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസ് ഈ കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് മാനവ് സർദാന ഇതിന്റെ ഭാഗമായിരുന്നു. കൂടാതെ, ഇംപീരിയൽ ഓട്ടോ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കമ്പനികളിൽ അദ്ദേഹം ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്.
ഗുരുഗ്രാമിലെ ഡി.എൽ.എഫ് ഫേസ് 5-ൽ സ്ഥിതി ചെയ്യുന്ന ‘ദി ഡാഹ്ലിയാസ്’ പ്രോജക്റ്റ് ഇന്ത്യയിലെ അതിസമ്പന്നർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട പ്രീമിയം റെസിഡൻഷ്യൽ അഡ്രസ്സുകളിൽ. ഏകദേശം 7.5 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പരന്നുകടക്കുന്ന ഈ പദ്ധതിയിൽ 420-ലധികം ആഡംബര വസതികളും 15 എക്സ്ക്ലൂസീവ് ഡ്യൂപ്ലക്സ് പെന്റ്ഹൗസുകളുമാണ് ഉള്ളത്. മുംബൈയിലെ പ്രമുഖ ആഡംബര വസതികൾക്ക് സമാനമായി ഡൽഹി-എൻ.സി.ആർ മേഖലയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ വിലനിലവാരമുള്ള ഇടപാടുകൾ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ വലിയ റെക്കോർഡ് പർച്ചേസ്.
കോവിഡിനു ശേഷമുള്ള കാലയളവിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ വലിയ വീടുകൾക്കും ആഡംബര വസതികൾക്കും ആവശ്യക്കാർ വർധിച്ചുവരുന്നതായി ഈ ഇടപാടുകൾ വ്യക്തമാക്കുന്നു. ഇതിനുമുമ്പും പ്രമുഖ വ്യവസായികളും നിക്ഷേപകരും ഈ പ്രദേശത്ത് കോടികൾ വിലമതിക്കുന്ന വീടുകൾ വാങ്ങിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളും മികച്ച സുരക്ഷയും ഒത്തുകൂടുന്ന ഈ ഡെവലപ്മെന്റ് പ്രോജക്റ്റുകൾ ഗുരുഗ്രാമിനെ രാജ്യത്തെ ഏറ്റവും വലിയ ആഡംബര റിയൽ എസ്റ്റേറ്റ് ഹബ്ബുകളിലൊന്നാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
Businessman Manav Sardana buys a 17,200 sq ft ultra-luxury penthouse at DLF The Dahlias in Gurugram for ₹271 crore, making it a record Indian realty deal.
