കേരളത്തിൽ രണ്ടാം ഘട്ട ഭൂപരിഷ്കരണം നടപ്പിലാക്കുമെന്നും, കാലഹരണപ്പെട്ട ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ ‘കേരള’ ബ്രാൻഡിന് കീഴിൽ ആഗോള വിപണിയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം കാർഷിക കയറ്റുമതിക്ക് വലിയ കരുത്ത് പരുമെന്നും, റബ്ബറിന്റെ താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയായി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയോര മേഖലയിലെ കർഷകരെ വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള പ്രത്യേക സംവിധാനം അടക്കം കൊണ്ടുവന്നിട്ടുണ്ട്. ഇതിനായി 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നെൽകർഷകരുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളിൽ നൽകിയതായും, കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനാശത്തിനുള്ള നഷ്ടപരിഹാരം 25% വർദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
